ഇസ്രായേൽ വിരുദ്ധ പ്രസ്താവനയുമായി ഹാർവാർഡിലെ വിദ്യാർഥി സംഘടനകൾ; കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ കമ്പനി സിഇഒമാർ

ന്യൂയോർക്ക്: ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കൊണ്ട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയ്ക്കെതിരെ ശതകോടീശ്വരൻ ബിൽ അക്മാനും യുഎസിലെ മറ്റ് വ്യവസായികളും. പ്രസ്താവനയിൽ ഒപ്പിട്ട വിദ്യാർഥി സംഘടനകളിലെ അംഗങ്ങളുടെ പേര് പുറത്തുവിടണമെന്നും ഈ സംഘടനകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

“ഭീകരരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന ഒരാൾക്ക് ഒരു കോർപ്പറേറ്റ് കവചത്തിന് പിന്നിൽ ഒളിക്കാൻ കഴിയില്ല,” അക്മാൻ മുമ്പ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

സംഘടനകളിലെ അംഗങ്ങളായ വിദ്യാർഥികൾ എല്ലാം പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവരുടെ പേരുകൾ പുറത്തുവിടണമെന്നും അതുവഴി അവരുടെ നിലപാടുകൾ മറ്റുള്ളവർക്കും അറിയാൻ സാധിക്കുമെന്നും അക്മാൻ പഞ്ഞു.

കത്തിൽ ഒപ്പിട്ട ഹാർവാർഡ് ഗ്രൂപ്പുകളിൽ പെട്ട ഏതെങ്കിലും വിദ്യാർത്ഥികളെ തന്റെ കമ്പനിയിൽ അശ്രദ്ധമായി ജോലിക്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പെർഷിംഗ് സ്‌ക്വയർ ക്യാപിറ്റൽ മാനേജ്‌മെന്റ് സിഇഒ വ്യക്തമാക്കി.

പ്രസ്താവനയ്‌ക്കെതിരെ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ, ചില വിദ്യാർത്ഥി സംഘടനകൾ അവരുടെ പിന്തുണ പിൻവലിച്ചു.

ഷോപ്പിംഗ് ക്ലബ്ബായ ഫാബ്ഫിറ്റ്ഫണിന്റെ സിഇഒമാർ, ഹെൽത്ത് ടെക് സ്റ്റാർട്ടപ്പ് ഈസി ഹെൽത്ത്, ഡോവ്ഹിൽ ക്യാപിറ്റൽ മാനേജ്‌മെന്റ് എന്നിവയുൾപ്പെടെ മറ്റ് നിരവധി വ്യവസായികൾ വിദ്യാർത്ഥികളുടെ പേര് പുറത്തുവിടണമെന്ന് അക്മാന്റെ ആവശ്യത്തെ അനുകൂലിച്ചു.

“എനിക്ക് അറിയാൻ ആഗ്രഹമുണ്ട്. അങ്ങനെയാണെങ്കിൽ ഈ ആളുകളെ ഒരിക്കലും ജോലിക്കെടുക്കാതിരിക്കാൻ എനിക്ക് കഴിയും,” റെസ്റ്റോറന്റ് ശൃംഖലയായ സ്വീറ്റ്ഗ്രീന്റെ സിഇഒ ജോനാഥൻ നെമാൻ എക്‌സിൽ പറഞ്ഞു.