ബെംഗളൂരു: ജെഡിഎസ് കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് ജെഡിഎസ് നേതാവും എച്ച് ഡി ദേവഗൌഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി.
കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കതയാണെന്ന് കുമാരസ്വാമി പറഞ്ഞു. കർണാടക ഘടകം എൻഡിഎയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽഡിഎഫിൽ നിലനിർത്തിയതിൽ പിണറായിയോട് നന്ദിയറിയിച്ച കുമാരസ്വാമി, പിണറായി വിജയൻ ജെഡിഎസ്-ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ചു.
കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില്‍ തെറ്റില്ലെന്നും അവര്‍ക്ക് എല്‍ഡിഎഫിന്റെ ഭാഗമായി തുടരാമെന്നും കുമാരസ്വാമി വ്യക്തമാക്കി. എന്‍ഡിഎ സഖ്യം കര്‍ണാടകയില്‍ മാത്രമാണ്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി വിവാദങ്ങളോട് പ്രതികരിച്ചു.