തിരുവനന്തപുരം: ശ്രീനഗറില്‍ സൈനിക പരിശീലനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായ സൈനികന്‍ മരിച്ചു. നെയ്യാറ്റിന്‍കര പെരുങ്കടവിള ഇന്ദ്രജിത്ത്ഭവനില്‍ ഇന്ദ്രജിത്താണ് മരിച്ചത്. മുപ്പതുകാരനായ ഇന്ദ്രജിത്ത് ശ്രീനഗറിലെ പട്ടല്‍ സൈനിക യൂണിറ്റില്‍ വച്ച് പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നതിനിടെ പെട്ടന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ദ്രജിത്തിന്റെ മൃതദേഹം ശ്രീനഗറില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കും. സൈനിക ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിക്കും. പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷം സേനാംഗങ്ങളുടെ അകമ്പടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിന്റെ വസതിയില്‍ കൊണ്ടുവരും.
വീട്ടുകാരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്‌കരിക്കും. ശിവകുമാര്‍-ശ്രീജയ ദമ്പതികളുടെ മകനാണ് ഇന്ദ്രജിത്ത്. അജന്ത ആണ് ഭാര്യ. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്.