
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ട് എന്‍ട്രസ് കോച്ചിങിന് പഠിക്കുന്ന ചടയംമംഗലം സ്വദേശിയായ പെണ്‍കുട്ടിക്കാണ് മരുന്ന് മാറി നല്‍കിയത്. വാതത്തിനാണ് പെണ്‍കുട്ടി ഡോക്ടറെ കണ്ടത്. ഡോക്ടര്‍ കുറിച്ചു നല്‍കിയ വാതത്തിനുള്ള മരുന്ന് പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ കാണിച്ചപ്പോള്‍ ലഭിച്ചത് ഗുരുതര ഹൃദ്രോഗികള്‍ക്ക് വേണ്ടിയുള്ള മരുന്നാണ്.
മരുന്നുമാറിയത് അറിയാതെ 45 ദിവസം ഇത് കഴിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതിക്ക് പിന്നാലെ വിഷയത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ചു നടപടിയെടുക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി.