ബൊലോഗ്ന: ഇറ്റാലിയൻ നഗരമായ ബൊലോഗ്നയിലെ ഗാരിസെൻഡ ടവർ ഉടൻ തകർന്നേക്കുമെന്ന് മുന്നറിയിപ്പ്. 12-ാം നൂറ്റാണ്ടിൽ നിർമിച്ച ഈ ടവർ തകരുമെന്ന ഭയത്താൽ അടച്ചുപൂട്ടി. പിസ ഗോപുരത്തിന് സമാനമായ ഈ ടവറിന് 4 ഡിഗ്രി ചെരിവാണ് ഉള്ളത്. പിസ ഗോപുരത്തിന്റെ ചെരിവ് ഏഴ് ഡിഗ്രിയാണ്.
ടവര്‍ ഇടിഞ്ഞുവീഴുന്നതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി അധികൃതര്‍ ചുറ്റും വലിയൊരു സുരക്ഷാമതില്‍ പണിയുന്നുണ്ട്. ടവര്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും സിറ്റി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.
അപകടസാധ്യതയുള്ളതിനാല്‍ 2023 ഒക്ടോബര്‍ മുതല്‍ ഇവിടേക്ക് സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ ടവര്‍ പുതുക്കിപ്പണിയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടവറിനുള്ള സുരക്ഷാമതില്‍ നിര്‍മിക്കാന്‍ 4.8 മില്യണ്‍ ഡോളര്‍ (ഏകദേശം 39 കോടി രൂപ) വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ജനങ്ങളില്‍ നിന്ന് പിരിവിലൂടെ സമാഹരിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗരിസെന്‍ഡ ടവറും അതിനോട് ചേര്‍ന്നുള്ള അസിനെല്ലി ടവറും ബൊലോഗ്ന നഗരത്തിന്റെ ഏറ്റവും പ്രധാന ആകർഷണങ്ങളാണ്. വിനോദസഞ്ചാരികള്‍ സ്ഥിരമായി എത്തുന്ന സ്ഥമാണിവിടം. ദാന്തേയുടെ ‘ഡിവൈന്‍ കോമഡി’യില്‍ ഈ ടവറിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1109-നും 1119-നും ഇടയിലാണ് ഗരിസെന്‍ഡ ടവര്‍ നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്.