
കൊച്ചി: ശബരിമലയിലെ തിരക്ക് പഠിക്കാന്‍ 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തിരക്ക് പരിഹരിക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ തിരക്ക് തുടരുന്നതായും ദര്‍ശനത്തിന് 18 മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വരുന്നതായുമുള്ള ഭക്തരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതി ഇടപെടലുണ്ടായിരിക്കുന്നത്.
ഇന്ന് വിഷയം വീണ്ടും പരിഗണിക്കവെ ശബരിമലയില്‍ തിരക്ക് ഇപ്പോഴും തുടരുകയാണെന്ന് ദര്‍ശനം നടത്തി തിരിച്ചു വന്ന അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ക്യൂ കോപ്ലക്സില്‍ അടക്കം ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് തീര്‍ഥാടകരുടെ പരാതി പഠിക്കാനായി 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ഭക്തര്‍ക്ക് ഇത്രനേരം ദര്‍ശനത്തിനായി കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.