നവകേരള സദസ്: സ്‌കൂള്‍ മതില്‍ പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍

കൊച്ചി: നവകേരള സദസിന്റെ വേദിക്കരികിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് എത്തുന്നതിനായി സ്‌കൂള്‍ മതില്‍ പൊളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നവകേരള സദസ് നടത്തുന്നതിന് സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

ഹൈക്കോടതിയുടെ വിമര്‍ശനത്തിന് സംഭവിച്ചു പോയെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. പൊളിച്ച മതില്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍, ഇതിനും പൊതു ഖജനാവിലെ പണമല്ലേ ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ ചോദ്യത്തിന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയില്ല.

തുടര്‍ന്ന് ആരാണ് നവ കേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കാനും നിര്‍ദേശിച്ചു. കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ നവകേരള സദസ് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. നവകേരള സദസിനായി ദേവസ്വം സ്‌കൂളിന്റെ മതില്‍ പൊളിക്കാന്‍ നീക്കം നടക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും.

More Stories from this section

family-dental
witywide