‘ആരാണ് ആ സംഘാടക സമിതി?’; നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. സ്‌കൂള്‍ ബസ് വിട്ട് നല്‍കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്ന് ഉത്തരവുണ്ടാകുന്നത് വരെ ബസ് വിട്ടുനല്‍കരുതെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ട് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് കാട്ടി കാസര്‍ഗോഡ് സ്വദേശി ഫിലിപ്പ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. ബസ് വിട്ട് നില്‍ക്കുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ആളുകളെ എത്തിക്കാൻ നവകേരള സദസ് സംഘാടക സമിതി ആവശ്യപ്പെട്ടാൽ സ്കൂൾ ബസുകൾ വിട്ടുനൽകണമെന്നായിരുന്നു ഉത്തരവ്. ആരാണ് ഈ സംഘാടക സമിതിയെന്നും അവർ ആവശ്യപ്പെട്ടാൽ അത് പൊതു ആവശ്യമാകുമോ എന്നുമുള്ള ചോദ്യമുയർത്തിയാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തതത്.

സ്‌കൂള്‍ ബസ് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ്. ഈ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി പ്രാഥമികമായി അംഗീകരിക്കുകയായിരുന്നു. സ്‌കൂള്‍ ബസുകള്‍ ഇത്തരത്തില്‍ വിട്ട് നല്‍കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി.

More Stories from this section

family-dental
witywide