വിദേശത്ത് മരിക്കുന്ന ഇന്ത്യൻ വിദ്യർഥികളുടെ എണ്ണത്തിൽ വൻ വർധന

അഞ്ചുവര്‍ഷത്തിനിടെ വിദേശത്ത് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍. 403 വിദ്യാർഥികളാണ് ഇക്കാലയളവില്‍ വിദേശ രാജ്യങ്ങളില്‍ മരിച്ചത്. 2018 മുതല്‍ കാനഡയില്‍ മാത്രം 91പേര്‍ മരിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി .മുരളീധരന്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.സ്വാഭാവിക മരണങ്ങളും അപകടങ്ങളും ഉള്‍പ്പെടെയാണിത്. യുകെ (48), യുഎസ് (36), ഓസ്‌ട്രേലിയ (35) എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മരണങ്ങള്‍ കൂടുതലായി സംഭവിക്കുന്ന മറ്റു രാജ്യങ്ങളെന്നും കേന്ദ്രത്തിന്റെ കണക്കില്‍ പറയുന്നു.

2018നും 2022നും ഇടയില്‍ 5,67,607 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് പോയത്. അമേരിക്കയായിരുന്നു ഈ കാലയവളവില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിദ്യാഭ്യാസ ആവശ്യത്തിനായി തിരഞ്ഞെടുത്ത രാജ്യം. 6,21,336 പേരാണ് ഈ വര്‍ഷങ്ങള്‍ക്കിടെ അമേരിക്കയിലെത്തിയത്. രണ്ടാംസ്ഥാനത്താണ് കാനഡയുള്ളത്. 3,17,119 പേരാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി യുകെയിലേക്ക് പോയത്.

കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആകെ എണ്ണവുമായി മരണസംഖ്യ തട്ടിച്ചുനോക്കണമെന്നും അക്രമങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവ കാരണം മരണങ്ങള്‍ സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ കൃത്യമായ ധാരണയില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്തം ബഗ്ജി പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കളുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കാനഡയിലെ ഉദ്യോഗസ്ഥര്‍ ഈ വിഷയങ്ങളില്‍ സ്വീകരിച്ച പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്ത 22 പേര്‍ 2022-ല്‍ മരിച്ചിട്ടുണ്ടെന്ന് സിഎന്‍ബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാലുപേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

2022 ഏപ്രിലില്‍ ടൊറന്റോ സബ് വേയില്‍ വെച്ച് നടന്ന വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. 2023 മേയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു.ഈ കഴിഞ്ഞ മാസം കാനഡയിൽ രണ്ട് മലയാളി വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. ഒരാൾ കാറിനുള്ളിലെ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണപ്പെട്ടത്.

യുകെയിൽ തന്നെ കഴിഞ്ഞ ഇട രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. ഒരാൾ തെംസ് നദിയിൽ ചാടി സ്വയം ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞമാസം അമേരിക്കയിലെ ഒരു ജിമ്മിൽ കുത്തേറ്റ് ആന്ധ്ര സ്വദേശിയായ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു

Huge increase in the number of Indian students dying abroad

More Stories from this section

family-dental
witywide