
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് സമയത്ത് നിലപാടുമാറ്റവുമായി കേന്ദ്രസർക്കാർ. ഹലാൽ സർട്ടിഫിക്കറ്റുള്ള ഉൽപന്നങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ ഇക്കാര്യം പറഞ്ഞത്.
“ഹലാൽ നിരോധിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല,” അദ്ദേഹം പറഞ്ഞു.
ഹലാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. നവംബർ 18-ന് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തര പ്രാബല്യത്തിൽ നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. നിരോധനത്തിന് ശേഷം ലഖ്‌നൗവിലെ സഹാറ മാളിൽ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്എസ്ഡിഎ) സംഘം റെയ്ഡ് നടത്തിയിരുന്നു.