![](https://www.nrireporter.com/wp-content/uploads/2023/11/vivek-ramaswamy-with-son.jpg)
“ഞാനൊരു ഹിന്ദുവാണ്. ആ വിശ്വാസം നൽകിയ മൂല്യങ്ങളാണ് എന്നെ പ്രസിഡന്റ് പ്രചാരണത്തിലേക്ക് നയിച്ചത് ” റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയുടേതാണ് ഈ വാക്കുകൾ. ഡെയ് ലി സിഗ്നൽ പ്ലാറ്റ്ഫോം സംഘടിപ്പിച്ച ‘ദ് ഫാമിലി ലീഡർ’ ഫോറത്തിൽ സംസാരിക്കുകയായിരുന്നു, കേരളത്തിൽ വേരുകളുള്ള അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമി.
ഹിന്ദു- ക്രിസ്തുമത സംഹിതകളിലെ സമാനതകൾ അദ്ദേഹം പ്രസംഗത്തിൽ വിവരിച്ചു. അടുത്ത തലമുറകൾക്കായി ഇത്തരം മൂല്യങ്ങൾ നിലനിർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
“ഞാനൊരു ഹിന്ദുവാണ്. ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം നമ്മെ ഓരോരുത്തരെയും ഒരോ ഉദ്ദേശ്യത്തിനായാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കടമ നമുക്കുണ്ട്. നമ്മിലൂടെ ദൈവം പ്രവർത്തിക്കുന്നത് അങ്ങനെയാണ് എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മിൽ എല്ലാവരിലും ദൈവം വസിക്കുന്നുണ്ട്. നാം എല്ലാവരും അതിനാൽ ഒന്നാണ്. ഇതാണ് എൻ്റെ വിശ്വാസത്തിന്റെ കാതൽ . ആ വിശാവാസം എനിക്ക് സ്വാതന്ത്ര്യം നൽകുന്നു. ആ വിശ്വാസമാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലേക്ക് എത്താൻ എന്നെ പ്രചോദിപ്പിക്കുന്നത്. വിവേക് രാമസ്വാമി പറഞ്ഞു. .
“ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിലാണ് ഞാൻ വളർന്നത്. കുടുംബമാണ് ഒരാളുടെ അടിത്തറയെന്ന് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു. നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കണം. വിവാഹത്തിന്റെ പവിത്ര മാനിക്കണം. നിങ്ങൾ ദൈവത്തിന് മുന്നിലാണ് വിവാഹം ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിവാഹമോചനം എന്നത് നിങ്ങളുടെ മുൻഗണന ആവരുത്. വിവാഹേതരബന്ധങ്ങൾ തെറ്റാണ്.” രാമസ്വാമി പറഞ്ഞു.
ഇത്തരം മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ഹിന്ദു – ക്രിസ്ത്യൻ വിശ്വാസങ്ങൾ തമ്മിലുള്ള സമാനതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി . “ഞാൻ ക്രിസ്ത്യൻ ഹൈസ്കൂളിൽ പഠിച്ചയാളാണ്. അവിടെ ഞങ്ങൾ ബൈബിൾ വായിച്ചു. വേദപാഠം പഠിച്ചു. അവിടെ ഞങ്ങൾ 10 കല്പനകൾ പഠിച്ചു. അതിൽ പറഞ്ഞിരിക്കുന്നതെല്ലാം എനിക്കു വളരെ പരിചിതമായ കാര്യങ്ങളാണ്. അതേ മൂല്യങ്ങളാണ് ഞാൻ എൻ്റെ മതത്തിൽ നിന്നും പഠിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘I am a Hindu, I believe…’: US presidential candidate Vivek Ramaswamy opens up about his faith