മാജിക് മഷ്റൂം കഴിച്ചിരുന്നു, സ്വപ്നത്തിലാണെന്ന് കരുതിയാണ് എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ചത്: വിവാദ പൈലറ്റ് കോടതിയിൽ

വാഷ്ങിടൺ: ആകാശത്തു വച്ച് വിമാന എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ച പൈലറ്റ് മാജിക് മഷ്റൂം കഴിച്ചിരുന്നു എന്നും അതിൻ്റെ ലഹരിയിൽ ഒന്നും ഓർമയുണ്ടായിരുന്നില്ല എന്നും കോടതിയിൽ വെളിപ്പെടുത്തി. താൻ സ്വപ്നം കാണുകയായിരുന്നു എന്ന് കരുതിയെന്നും അയാൾ പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ട അയാൾ സുബോധത്തിലായിരുന്നില്ല എന്ന് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇയാളെ പോർട്ട്ലൻ്റ് കോടതിയിൽ ഹാജരാക്കിയത്.

ഞായറാഴ്ച വൈകിട്ട് വാഷിങ്ടണിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് 83 യാത്രക്കാരുമായി പറന്ന വിമാനം 35000 അടി ഉയരത്തിൽ വച്ച് ഓഫ് ചെയ്യാൻ ശ്രമിച്ചതിനാണ് പൈലറ്റ് ജോസഫ് എമേഴ്സൻ (44) പിടിയിലായത്. ഇയാൾക്കെതികെ 83 പേരെ വധിക്കാൻ ശ്രമിച്ചതിന് 83 വധശ്രമ കുറ്റങ്ങൾ ചുമത്തിയിരുന്നു. ഡ്യൂ ട്ടിയിലല്ലായിരുന്നു എങ്കിലും എമേഴ്സൻ കോക്ക്പിറ്റിൽ ഉണ്ടായിരുന്നു. അലാസ്ക എയർലൈൻസിലാണ് സംഭവം. വിമാനം പറന്നുകൊണ്ടിരിക്കെ വിമാനത്തിൻ്റെ ഫയർ സപ്രഷൻ സംവിധാനം അക്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ആ സംവിധാനം പ്രവർത്തനക്ഷമം ആയിരുന്നെങ്കിൽ വിമാന എൻജിനുകളിലേക്കുള്ള ഇന്ധനത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുകയും വിമാനം തകരുകയും ചെയ്യുമായിരുന്നു.

എമേഴ്സൻ്റെ പ്രവൃത്തിയിലെ അപകടം അറിയാമായിരുന്ന ക്യാപ്റ്റനും മറ്റ് പൈലറ്റുമാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി.

അയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും അയാളെ അടിയന്തരമായി വിമാനത്തിൽ നിന്ന് ഇറക്കേണ്ടതുണ്ടെന്നും ഫ്ളൈറ്റ് അറ്റൻഡൻ്റ് ഉടൻ അനൌൺസ് ചെയ്തതായും യാത്രക്കാർ പറഞ്ഞു.

ഉടൻ തന്നെ വിമാനം പോർട്ട്ലൻ്റ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എമേഴ്സനെ പൊലീസിന് കൈമാറി. ഇയാളെ മൾട്നോമാ കൌണ്ടി ഡിറ്റൻഷൻ സെൻ്ററിലേക്ക് മാറ്റിയിരുന്നു. ഇയാൾക്ക് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായോ പ്രസ്ഥാനങ്ങളുമായോ ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായി എഫ്ബിഐ അറിയിച്ചു. ഇയാളുടെ ലാപ്ടോപും ഫോണും അടക്കം വ്യക്തി വിവരങ്ങൾ എല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. മാജിക് മഷ്റൂം ഒരു സൈക്കഡിലിക് ഡ്രഗാണ്. പല മാനനസിക രോഗങ്ങൾക്കുമുള്ള മരുന്നായി ഇത് ഉപയോഗിക്കാറുണ്ട്.

I have had Magic Mushrooms, thought I was dreaming; US pilot who tried shut down engines