ന്യൂഡൽഹി: ക്ളാസ് മുറിയില്‍ എല്ലാ കുട്ടികളുടെയും മുന്നില്‍ നിര്‍ത്തി ഏഴ് വയസ്സുകാരനായ മുസ്ളീം ബാലന്റെ മുഖത്തടിക്കാന്‍ ഹിന്ദു കുട്ടികളോട് ആഹ്വാനം ചെയ്ത ആ അദ്ധ്യാപികയെ ഓര്‍മ്മയില്ലേ? അടിയേറ്റ് മുഖം ചുവന്നപ്പോള്‍, നല്ല ശക്തിയില്‍ അവന്റെ പുറത്തടിക്കൂ എന്ന് ആജ്ഞാപിച്ച അദ്ധ്യാപിക. തൃപ്ത ത്യാഗി.
രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ച സംഭവം തന്നെയായിരുന്നു മുസഫര്‍നഗറിലെ വിദ്യാലയത്തില്‍ ഉണ്ടായത്. അക്ഷരം പഠിപ്പിക്കേണ്ട അദ്ധ്യാപിക തന്നെ കുരുന്നു മനസ്സുകളില്‍ വര്‍ഗീയ വിഷം പടര്‍ത്തുന്നതിന്റെ നേര്‍ക്കാഴ്ച. മുഖത്തേറ്റ അടിയേക്കാള്‍ എത്രയോ ആഴത്തിലുള്ള വേദനയായിരിക്കാം കുരുന്നു മനസ്സില്‍ ആ സംഭവം ഉണ്ടാക്കിയിരിക്കുക.
സംഭവം രാഷ്ട്രീയ വിവാദമായി മാറിയതോടെ താന്‍ ചെയ്തതില്‍ തെറ്റില്ല എന്ന നിലപാടില്‍ തന്നെയായിരുന്നു അദ്ധ്യാപിക. ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ മറ്റ് കുട്ടികളെ കൊണ്ട് മുഖത്തടിപ്പിച്ചു. അതിലെന്താണ് തെറ്റ്. ഇതായിരുന്നു ഒരു മാധ്യമത്തിന് തൃപ്ത ത്യാഗി ആദ്യം നല്‍കിയ പ്രതികരണം. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ക്ളാസ് മുറി സീല്‍ ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ തെറ്റുപറ്റിയെന്ന വിലാപം.
‘‘ഞാൻ തെറ്റു ചെയ്തു, എന്നാൽ അതിൽ വർഗീയലക്ഷ്യം ഉണ്ടായിരുന്നില്ല. ഭിന്നശേഷിക്കാരിയായതിനാൽ എഴുന്നേൽക്കാൻ കഴിയാത്തതുകൊണ്ടാണ് മറ്റൊരു കുട്ടിയോട് അവനെ അടിക്കാൻ ആവശ്യപ്പെട്ടത്. അത് അവൻ പഠിക്കാൻ വേണ്ടിയായിരുന്നു. തെറ്റുപറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. എന്റെ പ്രവൃത്തിയിൽ ഹിന്ദു- മുസ്‌ലിം വേർതിരിവ് ഇല്ലായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഡിയോ പ്രചരിപ്പിച്ചത്. പല മുസ്‌ളീം വിദ്യാർഥികൾക്കും സ്‌കൂളിൽ ഫീസ് നൽകാൻ സാഹചര്യമില്ലാത്തതിനാൽ അവരെ സൗജന്യമായാണ് പഠിപ്പിക്കുന്നത്,’’ തൃപ്ത പറഞ്ഞു.
സ്‌കൂൾ ഉടമ കൂടിയായ അധ്യാപികയുടെ വിഡിയോ ഹിന്ദു–മുസ്‌ലിം സ്പർദ്ധ വളർത്താൻ കാരണമായെന്നു കാണിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളും ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവാദത്തെ തുടർന്ന് സ്കൂൾ താൽകാലികമായി അടച്ചിട്ടിരിക്കുകയാണ്. വിദ്യാർഥികള്‍ക്ക് സമീപത്തുള്ള മറ്റു സ്കൂളുകളിൽ പ്രവേശനം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 24നാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്.