ബെംഗളൂരു: ചന്ദ്രയാൻ 3 നിശ്ചയിച്ച സമയത്ത് വിജയകരമായി സോഫ്റ്റ്ലാൻഡിങ് നടത്തിയതിന് പിന്നാലെ രസകരമായ പോസ്റ്റുമായി ഐഎസ്ആർഒ. ദൗത്യം വിജയിച്ചതിന് പിന്നാലെ ഐഎസ്ആർഒ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
“ചന്ദ്രയാൻ-3 ദൗത്യം: ‘ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി, നിങ്ങളും!’: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തു! അഭിനന്ദനങ്ങൾ, ഇന്ത്യ,” ബഹിരാകാശ ഏജൻസി പോസ്റ്റിൽ പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറൽ ആയത്. നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.