
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ മുസ്‌കാൻ ഖാൻ ആഹ്ലാദത്തിലാണ്. “ഹിജാബിന്റെ പേരിൽ ഞാൻ എന്റെ വിദ്യാഭ്യാസം ഉപേക്ഷിച്ചു. ഇപ്പോൾ, ഹിജാബ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഞാൻ എന്റെ വിദ്യാഭ്യാസം തുടരും,” ഖാൻ പറയുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ നീക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുസ്കാൻ ഖാന്റെ പ്രതികരണം.
ഹിജാബ് ധരിച്ചെത്തിയതിന് 2022 ഫെബ്രുവരി 8 ന്, മാണ്ഡ്യയിലെ പിഇഎസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്ന ഖാനെ കാവി ഷാൾ ധരിച്ച ഒരു കൂട്ടം യുവാക്കൾ വളയുകയും ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. എന്നാൽ കർണാടക സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ചതോടെ ഖാൻ വിദ്യാഭ്യാസം നിർത്തി.
“എനിക്ക് മറ്റ് നഗരങ്ങളിലെ കോളേജുകളിൽ നിന്ന് അവസരങ്ങൾ ലഭിച്ചെങ്കിലും ഞാൻ അവ സ്വീകരിക്കാൻ വിസമ്മതിച്ചു. എന്റെ ജന്മനാട്ടിൽ ജീവിക്കാനും വിദ്യാഭ്യാസം തുടരാനും ഞാൻ ആഗ്രഹിക്കുന്നു. ഹിജാബ് പോലുള്ള വിഷയങ്ങൾ ഒരിക്കലും രാഷ്ട്രീയവത്കരിക്കപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറ്റാരെയും പോലെ, എന്റെ വിദ്യാഭ്യാസവും പ്രധാനമാണ്, കോളേജുകളിൽ മുമ്പത്തെപ്പോലെ ഒരു അന്തരീക്ഷം ഞാൻ പ്രതീക്ഷിക്കുന്നു,” മുസ്കാൻ ഖാൻ പറയുന്നു.
വസ്ത്രവും ഭക്ഷണവും തിരഞ്ഞെടുക്കുന്നത് വ്യക്തിപരമാണെന്നും അതിൽ ആരും ഇടപെടേണ്ടതില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച മൈസൂരിൽ പറഞ്ഞിരുന്നു.