തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സംസ്ഥാന സിവില്‍ സര്‍വീസ് അടുത്തിടെ മാറ്റി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കി പുതിയ ഉത്തരവെത്തി. കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയെ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടറായിരുന്ന എച്ച് ദിനേശനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കേരള സാമൂഹിക സുരക്ഷ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അര്‍ജ്ജുന്‍ പാണ്ഡ്യന് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതലയും ആലപ്പുഴ ജില്ലയില്‍ നിന്നും മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറായി മാറ്റിനിയമിച്ച ഹരിത വി. കുമാറിന് വനിത-ശിശുക്ഷേമത്തിന്റെ അധികചുമതലയും കൂടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 21 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ആറ് ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലം മാറ്റിയിരുന്നു. അദീല അബ്ദുള്ളയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം എംഡിയായി നിയമിതയായി. വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ് നടക്കാനിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം വിഴിഞ്ഞം എം ഡി അദീല അബ്ദുള്ളയെ എംഡി സ്ഥാനത്ത് നിന്ന് മാറ്റിയത്.