
മുംബൈ: ഇന്ത്യയിൽ അടുത്ത മാസം ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ലോകകപ്പിലാകെ ഒരു കോടി ഡോളറിന്റെ (84 കോടി രൂപ) സമ്മാനമാണ് ഐസിസി നൽകുന്നത്. നവംബർ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിലെ വിജയികൾക്ക് 40 ലക്ഷം ഡോളർ (33 കോടി രൂപ) ആണ് സമ്മാനം. റണ്ണറപ്പ് ആകുന്ന ടീമിന് 20 ലക്ഷം ഡോളർ (16.5 കോടി രൂപ) ലഭിക്കും.
ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. ഗ്രൂപ്പുഘട്ട മത്സരത്തിലെ ഓരോ വിജയത്തിനും ടീമുകൾക്ക് സമ്മാനമുണ്ട്. ഒരു ജയത്തിന് 40,000 ഡോളറാണ് (33 ലക്ഷം രൂപ) ടീമിനു ലഭിക്കുന്നത്.
നോക്കൗട്ട് സ്റ്റേജിൽ എത്താതെ പുറത്താകുന്ന ആറു ടീമുകൾക്കും ഒരു ലക്ഷം ഡോളർ (84 ലക്ഷം രൂപ) വീതം നൽകും. സെമിഫൈനലിൽ പുറത്താകുന്ന രണ്ടും ടീമുകൾക്കും എട്ടും ലക്ഷം ഡോളർ (6.64 കോടി രൂപ) വീതം ലഭിക്കും. 2025ൽ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിനും പുരുഷടീമുകൾക്ക് നൽകിയ അതേ സമ്മാനത്തുക തന്നെയാകും നൽകുകയെന്ന് ഐസിസി അറിയിച്ചു. 2023 ജൂലൈയിൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന വാർഷിക കോൺഫറൻസിലെടുത്ത തീരുമാനപ്രകാരമാണ് ഇത്.
ഒക്ടോബർ അഞ്ചിനാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പങ്കെടുക്കുന്ന പത്തു ടീമുകളും റൗണ്ട്–റോബിൻ ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടും.