‘ഹമാസ് ഭീകരര്‍ എങ്കില്‍, ഇസ്രയേല്‍ കൊടും ഭീകരരെന്ന് കെ ടി ജലീല്‍; കെകെ ശൈലജയ്ക്ക് പരോക്ഷ മറുപടി

ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മനഃസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന മുന്‍ മന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പരോക്ഷ മറുപടിയുമായി എംഎല്‍എ കെടി ജലീല്‍. ഹമാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ ആണെന്ന് കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീര്‍പ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടിചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വമെന്നും കെകെ ശൈലജ കുറിച്ചിരുന്നു.

‘അധികാര ഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങള്‍. നിഷ്‌കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മനഃസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.

അതോടൊപ്പം 1948 മുതല്‍ പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രയേലും അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാന്‍ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീര്‍പ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടിചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം’ എ്ന്നാണ് കെ കെ ശൈലജ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

അതേസമയം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായ സാഹചര്യത്തില്‍ മറ്റൊരു വിശദീകരണക്കുറിപ്പ് കൂടി കെകെ ശൈലജ പോസ്റ്റ് ചെയ്തിരുന്നു. ഇസ്രയേല്‍ ഇപ്പോള്‍പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ഭീകരതകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരികയെന്ന് പോസ്റ്റില്‍ പറയുന്നു.

‘ഇസ്രയേല്‍_പലസ്തീന്‍ യുദ്ധത്തെക്കുറിച്ച് ഞാന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതായി കാണുന്നു. 1948 മുതല്‍ പലസ്തീന്‍
ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റില്‍ എഴുതിയത്. ഇടതുപക്ഷം എപ്പോഴും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതിയിരുന്നു. പലസ്തീന്‍ ജനതയോട് വര്‍ഷങ്ങളായി ഇസ്രയേല്‍ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റില്‍ എഴുതിയിരുന്നു. യുദ്ധങ്ങള്‍ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രയേല്‍ ഇപ്പോള്‍പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ഭീകരതകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വര്‍ഗീയ ലഹളകളിലും നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും.’ കെകെ ശൈലജ കുറിച്ചു.

More Stories from this section

family-dental
witywide