‘ജീവനുള്ള കാലം ശിവകാർത്തികേയനൊപ്പം ജോലി ചെയ്യില്ല’; തുറന്നു പറഞ്ഞ് ഡി ഇമ്മാൻ

ചെന്നൈ: പ്രേക്ഷകർക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് തമിഴ് സംഗീത സംവിധായകൻ ഡി ഇമ്മാന്റെയും നടൻ ശിവകാർത്തികേയന്റെയും. എന്നാൽ അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവർക്കുമിടയിലെ ഭിന്നതയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഡി ഇമ്മാൻ. ജീവിതത്തിൽ ഒരിക്കലും ഇനി ശിവകാർത്തികേയനൊപ്പം ജോലി ചെയ്യുകയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ശിവകാർത്തികേയൻ തന്നെ ചതിച്ചുവെന്നും അത് തന്റെ ജീവിതത്തെ പൂർണമായും മാറ്റിമറിച്ചുവെന്നും ഇമ്മാൻ പറഞ്ഞു. എന്നാൽ എന്താണ് തങ്ങൾക്കിടയിലെ പ്രശ്നമെന്ന് പറയാൻ അദ്ദേഹം കൂട്ടാക്കിയില്ല.

ഇമ്മാന്റെ വാക്കുകൾ

ശിവകാർത്തികേയൻ എന്നോട് ചെയ്ത ദ്രോഹം തിരിച്ചറിയാൻ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളിൽ ഇനി ജീവനുള്ള കാലത്തോളം പ്രവർത്തിക്കില്ല. എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അയാളോട് തന്നെ ചോദിച്ചിരുന്നു. അതിന് ശിവകാർത്തികേയൻ പറഞ്ഞ മറുപടി തുറന്ന് പറയാൻ പോലും പറ്റില്ല.

ചില കാര്യങ്ങൾ മൂടിവയ്ക്കുക തന്നെ വേണം. അതിന് പ്രധാന കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്. നാട്ടുകാർ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. ഞാൻ ആരാണെന്ന് എനിക്കറിയാം. ജീവിതത്തിൽ മോശം അവസ്ഥയുണ്ടാകും. ആ സങ്കടത്തിന് ശിവകാർത്തികേയൻ മാത്രമാണ് കാരണം എന്ന് പറയാനാവില്ല. പക്ഷേ അദ്ദേഹം ഒരു മുഖ്യകാരണമാണ്.’

More Stories from this section

family-dental
witywide