ഗാസ: ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിലെ ഡോക്ടർമാരോടും രോഗികളോടും അഭയാർഥികളും മെഡിക്കൽ കോമ്പൗണ്ടിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടു. ചിലരെ തോക്കിന് മുനയിൽ നിർത്തി ഒഴിഞ്ഞു പോകാൻ ഭീഷണിപ്പെടുത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഒരു മണിക്കൂറിനുള്ളിൽ ആശുപത്രി ഒഴിയണം എന്നാണ് ഉത്തരവ്. ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം 7000ത്തോളം പേരാണ് ഇവിടെ ഉള്ളത്. അൽ-റാഷിദ് സ്ട്രീറ്റിലൂടെ ആളുകൾ ഒഴിഞ്ഞ് പോകണമെന്നാണ് അന്ത്യശാസനം
എന്നാൽ, ഒരു മണിക്കൂർ കൊണ്ട് ആശുപത്രി പൂർണമായും ഒഴിപ്പിക്കാൻ കഴിയില്ലെന്നും രോഗികളെ മാറ്റാൻ ആംബുലൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആശുപത്രിയിലില്ലെന്നും ആശുപത്രിക്കുള്ളിൽ നിന്നും ഡോക്ടർ അറിയിച്ചു.
അതിനിടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 പേർ മരിച്ചെന്ന് അൽ ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു. വെള്ളിയാഴ്ച അൽ ജസീറയോടായിരുന്നു സാൽമിയയുടെ വെളിപ്പെടുത്തൽ. ഒറ്റ രാത്രിയിൽ ആശുപത്രിയിൽ 22 ജീവൻ പൊലിഞ്ഞു. ആശുപത്രി ഒരേസമയം വലിയ തടങ്കൽപാളയവും കൂട്ടക്കുഴിമാടവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“മൂന്നാം ദിനമായ വെള്ളിയാഴ്ചയും ഇസ്രയേൽ സൈന്യം ആശുപത്രിയിൽ തമ്പടിച്ചിരിക്കുകയാണ്. ഇന്ധനവും മരുന്നും ഭക്ഷണവും വെള്ളവുമില്ല. രോഗികളും ആരോഗ്യ അധികൃതരും അഭയം തേടിയവരും ഉൾപ്പെടെ ഏഴായിരത്തിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഓരോ മിനിറ്റിലും ഒരാൾ എന്നവിധം മരിക്കുന്നു. ഇസ്രയേൽ നടത്തുന്നത് യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്,” അൽ ഷിഫ ഡയറക്ടർ തുറന്നടിച്ചു.