അനന്തിരവൻ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് മായാവതി

ലഖ്‌നൗ: തന്റെ രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഒഴി​കെയുള്ള സംസ്ഥാനങ്ങളുടെ ചുമതല ആകാശിനായിരിക്കും. ഈ രണ്ട് സംസ്ഥാനങ്ങളിൽ ചുമതല മായാവതി തന്നെ വഹിക്കും.

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിഎസ്പിയുടെ താരപ്രചാരകരുടെ പട്ടികയിൽ മായാവതിയുടെ പിൻഗാമിയാകുമെന്ന് ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആകാശ് ആനന്ദിന്റെ പേരുണ്ടായിരുന്നു.

ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി കേഡറിനെ സജ്ജരാക്കുന്നതിനും പാർട്ടി സംഘടന പുനഃസംഘടിപ്പിക്കുന്നതിനുമുള്ള ചുമതലയും ആകാശ് ആനന്ദിനെ ഏൽപ്പിച്ചിട്ടുണ്ട്. ലണ്ടനിൽനിന്നുള്ള എംബിഎ ബിരുദധാരിയാണ് 28കാരനായ ആകാശ്. 2016ൽ മായാവതിക്കൊപ്പം സഹാരൻപുരിലെ പരിപാടിയാണ് ആദ്യമായ പ്രത്യക്ഷപ്പെട്ടത്. 2017 ഫെബ്രുവരിയിൽ മീററ്റിലെ റാലിയിലും മായാവതിക്കൊപ്പമെത്തി. സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മായാവതി 2019ൽ പാർട്ടി സംഘടന പുനഃക്രമീകരിച്ചതോടെയാണ് ആകാശ് ബിഎസ്പിയുടെ ദേശീയ കോ ഓർഡിനേറ്ററായത്.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മായാവതിയുടെ പ്രഖ്യാപനം രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. ഡോ ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിൽ അൽവാറിൽ നടന്ന 13 കിലോമീറ്റർ “സ്വാഭിമാൻ സങ്കൽപ് യാത്ര”യിലും അദ്ദേഹം പങ്കെടുത്തിരുന്നു.

More Stories from this section

family-dental
witywide