തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണിയപ്പം തയാറാക്കാൻ ടെൻഡർ നേടിയ ദളിത് യുവാവിന്റെ മുഖത്ത് തുപ്പുകയും മർദിക്കുകയും ചെയ്തതായി പരാതി. പള്ളിക്കൽ തെരിക്കാവിള സ്വദേശി സുബിയെയാണ് വട്ടിയൂർക്കാവ് സ്വദേശി ജഗദീഷ്, കരകുളം സ്വദേശി രമേശ് എന്നിവർ മർദിച്ചത്. സംഭവത്തിൽ രണ്ടുപേർക്കെതിരെയും മ്യൂസിയം പൊലീസ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തു. പ്രതികൾ ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് വരുന്ന സീസണിൽ ശബരിമലയിൽ ഉണ്ണിയപ്പം തയാറാക്കുന്നതിനായി ദേവസ്വം ബോർഡ് ടെൻഡർ വിളിച്ചത്. സുബിക്കൊപ്പം ജഗദീഷും രമേശും ടെൻഡറിൽ പങ്കെടുത്തിരുന്നു. എന്നാൽ, സുബിയാണ് വിജയിച്ചത്. ടെൻഡറിനുശേഷം ഓഫിസിന് പുറത്തിറങ്ങിയ സുബിയെ നന്ദാവനം ദേവസ്വം ബോർഡ് ആസ്ഥാനത്തെ പാർക്കിങ് ഏരിയയിൽവെച്ച് ആളുകൾ നോക്കിനിൽക്കെ ‘പുലയന്മാരെ ക്ഷേത്രത്തിന്റെ പടി കാണിക്കി’ല്ലെന്ന് പറഞ്ഞുകൊണ്ട് ജഗദീഷും രമേശും ചേർന്ന് മുഖത്തടിക്കുകയും തുപ്പുകയും ജാതിപറഞ്ഞ് അധിക്ഷേപിച്ചെന്നുമാണ് പരാതി. കഴിഞ്ഞ സീസണിലും സുബി ടെൻഡറിൽ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടിരുന്നു.
“ടെൻഡർ നേടിയതിന് ശേഷം നന്ദൻകോട് ദേവസ്വം ബോർഡ് ഓഫീസിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു പ്രതികൾ എന്നെ ‘പുലയ’ എന്ന് വിളിക്കുകയും ശബരിമല ടെൻഡർ ഹിന്ദുക്കൾക്കുള്ളതാണ് പുലയന്മാർക്കുള്ളതല്ല, ഞാൻ എന്തിനതിൽ പങ്കെടുത്തു എന്ന് ചോദിച്ചു. പിന്നീട് എന്നെ ക്ഷേത്ര വളപ്പിൽ കയറാൻ അനുവദിക്കില്ലെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തി, എല്ലാവരുടെയും മുന്നിൽ വച്ച് അവർ എന്റെ മുഖത്തും തുപ്പി,” സുബി പറഞ്ഞു.
ഇരുവരും സുബിയെ മർദിക്കുന്നത് കണ്ടവരുണ്ടെന്നു പൊലീസ് പറഞ്ഞു.