വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടും കൂടുതല്‍ സഹിഷ്ണുത കാട്ടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തെക്കന്‍ ഫ്രാന്‍സിലെ മാഴ്‌സെ നഗരത്തില്‍ കത്തോലിക്കാ സഭ സംഘടിപ്പിച്ച മെഡിറ്ററേനിയന്‍ സമ്മേളനത്തിന്റെ അന്തിമ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റത്തെ അടിയന്തര പ്രാധാന്യമുള്ള വിഷയമായിട്ടല്ല, ഇന്നിന്റെ യാഥാര്‍ഥ്യമായിട്ടാണ് കാണേണ്ടതെന്ന് മാര്‍പാപ്പ പറഞ്ഞു. മെഡിറ്ററേനിയന്‍ കടലിനു ചുറ്റുമുള്ള മൂന്നു ഭൂഖണ്ഡങ്ങള്‍ ഇതിലുള്‍പ്പെട്ടിരിക്കുന്നു. വിവേകത്തോടെ വേണം ഈ പ്രശ്‌നത്തെ കാണേണ്ടത്. സംസ്‌കാരത്തിന്റെ പിള്ളത്തൊട്ടിലായ മെഡിറ്ററേനിയന്‍ പ്രദേശം കുടിയേറ്റക്കാരുടെ നിലവിളി മൂലം ശവപ്പറന്പായി മാറിയിരിക്കുന്നു. യുദ്ധം, പട്ടിണി, ദാരിദ്ര്യം മുതലായ കാരണങ്ങളാല്‍ അഭയാര്‍ഥികളാകുന്നവര്‍ക്ക്, മെച്ചപ്പെട്ട ജീവിതം തേടി കുടിയേറുന്നവരേക്കാള്‍ പരിഗണന നല്കണം. അത്തരക്കാര്‍ക്ക് നിയമപരമായി അഭയം ലഭിക്കുന്ന സംവിധാനങ്ങളുണ്ടാകണം. ലോകസമാധാനത്തിന്റെ പരീക്ഷണശാലയായി മെഡിറ്ററേനിയന്‍ മാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
തുടര്‍ന്ന് മാര്‍പാപ്പ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്കുശേഷം മാഴ്‌സെയിലെ വെലോഡ്രോം സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചശേഷം രാത്രി റോമിലേക്കു മടങ്ങി. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ 17ന് ആരംഭിച്ച മെഡിറ്ററേനിയന്‍ സമ്മേളനം ഇന്ന് അവസാനിക്കും.
മെഡിറ്ററേനിയന്‍ കടലിനു ചുറ്റുമുള്ള വടക്കനാഫ്രിക്ക, പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ് പ്രദേശങ്ങളില്‍നിന്നുള്ള ബിഷപ്പുമാരും യുവജനങ്ങളുമാണ് പങ്കെടുക്കുന്നത്. വെള്ളിയാഴ്ച മാഴ്‌സെയില്‍ വിമാനമിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ സ്വീകരിച്ചു. മെഡിറ്ററേനിയന്‍ കടല്‍ താണ്ടിവരുന്ന അഭയാര്‍ഥികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യസമൂഹത്തിനുണ്ടെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 44-ാമത് അപ്പസ്‌തോലിക പര്യടനമായിരുന്നിത്. 500 വര്‍ഷത്തിനു ശേഷമാണ് ഒരു മാര്‍പാപ്പ മാഴ്‌സെ സന്ദര്‍ശിക്കുന്നത്.