‘കരുത്തുറ്റ ബന്ധം’; പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുതുവത്സരാശംസയുമായി പുടിൻ

മോസ്കോ: ഇന്ത്യയ്‌ക്ക് പുതുവത്സര സന്ദേശം നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കുമാണ് റഷ്യൻ പ്രസിഡന്റ് സന്ദേശം അയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ചില സുപ്രധാന സംഭവവികാസങ്ങളും ഇന്ത്യ-റഷ്യ ഉഭയകക്ഷി സഹകരണവും റഷ്യൻ പ്രസിഡന്റ് പുതുവത്സര സന്ദേശത്തിൽ പങ്കുവെച്ചു.

“വിവിധ അന്താരാഷ്‌ട്ര സാഹചര്യങ്ങൾക്കിടയിലും റഷ്യയും ഇന്ത്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപരമായ പങ്കാളിത്തം വികസിച്ചുകൊണ്ടിരിക്കുന്നു. വ്യാപാരം അസാധാരണമായ ഉയർന്ന നിരക്കിൽ വളർന്നു. വിവിധ മേഖലകളിൽ സംയുക്തമായി പദ്ധതികൾ വിജയകരമായി നടപ്പിലാക്കി. ബഹുമുഖ ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക, ആഗോള തലങ്ങളിൽ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിച്ചു,” എന്നും പുടിൻ പറഞ്ഞു.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ, ജി20 എന്നിവയുടെ അധ്യക്ഷപദവി വഹിച്ച ഇന്ത്യ​യെ പുടിൻ അഭിനന്ദിച്ചു. മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സുസ്ഥിരതയും ശക്തമാക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് സാധിക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഡിസംബർ 28ന് വ്ലാഡമിർ പുടിനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചർച്ച നടത്തിയിരുന്നു. ജയശങ്കറിന്റെ റഷ്യ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം ഇരു രാജ്യങ്ങളുടേയും രാഷ്ട്രതലവൻമാരും തമ്മിൽ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു.

More Stories from this section

family-dental
witywide