പാര്‍ലമെന്റ് അതിക്രമക്കേസ്: അറസ്റ്റിലായ പ്രതികളുടെ ഫോണുകള്‍ ലളിത് ഝാ നശിപ്പിച്ചുവെന്ന് പോലീസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ കര്‍ത്തവ്യ പഥ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ മുഖ്യ സൂത്രധാരന്‍ ലളിത് മോഹന്‍ ഝാ അറസ്റ്റിലായ മറ്റ് നാല് പ്രതികളുടെയും ഫോണ്‍ നശിപ്പിച്ചുവെന്ന് പോലീസ്. ലളിത് ഝാ നാലു പേരുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങിയിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതേസമയം കൂട്ടാളികളുടെ ഫോണുകള്‍ താന്‍ നശിപ്പിച്ചുവെന്നാണ് ലളിത് മോഹന്‍ ഝാ പോലീസിനോട് പറഞ്ഞത്.

രാജസ്ഥാനില്‍ വച്ചാണ് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതെന്നും സുഹൃത്തുക്കളായ മഹേഷ്, കൈലാഷ് എന്നിവരുടെ സഹായത്തോടെയാണ് ഫോണ്‍ നശിപ്പിച്ചെന്നുമാണ് ലളിത് ഝായുടെ മൊഴി. ഇത് സത്യമാണോയെന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്. ഫോണ്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന് ലളിത് ഝാ മൊഴിനല്‍കിയ മഹേഷ്, കൈലാഷ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മഹേഷും ബന്ധു കൈലാഷുമാണ് രാജസ്ഥാനില്‍ ലളിത് ത്സായെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കാന്‍ സഹായിച്ചത്. മഹേഷിന് കേസിലെ ഗൂഢാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നതായാണ് സൂചന.

അറസ്റ്റിലായ മഹേഷും ലളിത് ഝായ്‌ക്കൊപ്പം ചേരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇയാളുടെ അമ്മ ഇത് തടയുകയായിരുന്നു. പ്രതികള്‍ അവസാന രണ്ടാഴ്ച ബന്ധപ്പെട്ട 50ഓളം ഫോണ്‍ നമ്പറുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ചയാണ് ലളിത് ഝാ പോലീസില്‍ കീഴടങ്ങിയത്. കീഴടങ്ങിയ ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ന്യൂഡല്‍ഹി ജില്ലാ പോലീസ് സ്പെഷ്യല്‍ സെല്ലിന് കൈമാറുകയുമായിരുന്നു. ലളിത് മോഹന്‍ ഝാ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു എന്‍ജിഒയുടെ ഭാഗമാണെന്നാണ് കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി എന്‍ജിഒയുടെ സ്ഥാപകനായ നീലാക്ഷ് ഐഷുമായി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ബന്ധപ്പെട്ടതായാണ് വിവരം.

More Stories from this section

family-dental
witywide