
കൊച്ചി: കൊച്ചിയില്‍ ഷവര്‍മ്മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി യുവാവ് മരിച്ച സംഭവത്തില്‍ കാക്കനാട്ടെ ലേ ഹയാത്ത് ഹോട്ടലിനെതിരെ നരഹത്യക്ക് കേസെടുത്തു. ഹോട്ടല്‍ ഹയാത്തില്‍ നിന്ന് ഷവര്‍മ്മ വാങ്ങിക്കഴിച്ച കോട്ടയം സ്വദേശി രാഹുല്‍ നായരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊച്ചി സെസിലെ ജീവനക്കാരനായ രാഹുല്‍ ഹയാത്തില്‍ നിന്ന് പാഴ്സലായി ഷവര്‍മയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങള്‍ വാങ്ങിയിരുന്നു.
ഇതു കഴിച്ചശേഷമാണ് യുവാവിന് ഛര്‍ദ്ദിയും വയറുവേദനയും അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയ രാഹുല്‍ പെട്ടന്ന് തന്നെ അതിഗുരുതരാവസ്ഥയിലാവുകയും ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. രാഹുലിന്റെ രക്തത്തില്‍ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
രാഹുലിന്റെ സഹോദരന്‍ കാര്‍ത്തിക്കിന്റെ പരാതിയില്‍ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടല്‍ ഉടമയ്ക്കെതിരെ കേസെടുത്തിരുന്നു. യുവാവ് മരിച്ചതിനു പിന്നാലെ സമാന രീതിയില്‍ ഭക്ഷ്യവിഷബാധയുമായി ആറ് പേര്‍ കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.