‘ഇന്‍കോഗ്നിറ്റോ’ സ്വകാര്യമല്ല, സുരക്ഷിതമല്ല, ഗൂഗിളിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: സ്വകാര്യമായി ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്നു എന്ന് കരുതുന്ന ഉപയോക്താക്കളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്തു എന്നാരോപിച്ച് കുറഞ്ഞത് 5 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഉപഭോക്തൃ സ്വകാര്യത കേസ് തീര്‍പ്പാക്കാന്‍ ഗൂഗിള്‍ സമ്മതിച്ചു.

ഗൂഗിളിന്റെ ക്രോം ബ്രൗസറിലെ ‘ഇന്‍കോഗ്നിറ്റോ’ മോഡാണ് കേസിന്റെ ആധാരം. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഓണ്‍ലൈനില്‍ സര്‍ഫിംഗ് ചെയ്യുന്നത് സിലിക്കണ്‍ വാലി ടെക് സ്ഥാപനം ട്രാക്ക് ചെയ്യുന്നില്ല എന്ന തെറ്റായ ബോധം ഉപയോക്താക്കള്‍ക്ക് നല്‍കിയെന്ന് വാദികള്‍ പറഞ്ഞു.

എന്നാല്‍ ഇന്‍കോഗ്‌നിറ്റോ മോഡ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ വെബ് ട്രാഫിക് അളക്കുന്നതിനും പരസ്യങ്ങള്‍ വില്‍ക്കുന്നതിനുമുള്ള തിരയല്‍, പരസ്യ ഭീമന്മാര്‍ പിന്തുടരുന്നുണ്ടെന്ന് കേസില്‍ ഹാജരാക്കിയ ആന്തരിക ഗൂഗിള്‍ ഇമെയിലുകള്‍ തെളിയിച്ചു.

ദശലക്ഷക്കണക്കിന് വ്യക്തികളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേസ് 2020ലാണ് ഫയല്‍ ചെയ്തത്. കേസ് തീര്‍പ്പാക്കുന്നതിന് ഗൂഗിളിന്റെ അഭിഭാഷകര്‍ പ്രാഥമിക കരാറില്‍ എത്തിയതായി ജഡ്ജി സ്ഥിരീകരിച്ചു.

സ്വകാര്യ ബ്രൗസിംഗ് മോഡില്‍ ആയിരിക്കുമ്പോഴും അവരുടെ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാത്തപ്പോഴും സ്ഥാപനത്തിന്റെ ഗൂഗിള്‍ അനലിറ്റിക്‌സ് അല്ലെങ്കില്‍ ആഡ് മാനേജര്‍ സേവനങ്ങള്‍ ട്രാക്ക് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഓരോ ഉപയോക്താവിനും കുറഞ്ഞത് 5,000 രൂപ നല്‍കണമെന്നും വാദികള്‍ക്കുവേണ്ടിയുള്ള അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഇത് കുറഞ്ഞത് 5 ബില്യണ്‍ ഡോളറെങ്കിലും വരുമായിരുന്നു, എങ്കിലും ഇത്രയും ഭീമമായ സെറ്റില്‍മെന്റ് തുക ഗൂഗിള്‍ നല്‍കില്ല. തുകയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇരുകൂട്ടരും പുറത്തുവിട്ടിട്ടില്ല.

കേസ് ജഡ്ജി തീരുമാനിക്കണമെന്ന അഭ്യര്‍ത്ഥന ഗൂഗിള്‍ നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് ഒത്തുതീര്‍പ്പ്. അടുത്ത വര്‍ഷം ജൂറി വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ച കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

ഇന്‍ കോഗ്നിറ്റോ ഓപ്ഷന്‍ ഉപയോഗിച്ച് ഉപയോക്താക്കളെ ‘മനപ്പൂര്‍വ്വം’ കബളിപ്പിച്ച് ഗൂഗിളിന്റെ സമ്പ്രദായങ്ങള്‍ അവരുടെ സ്വകാര്യതയെ ലംഘിച്ചുവെന്ന് കാലിഫോര്‍ണിയ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് വ്യക്തമാക്കുന്നു. ഗൂഗിളിനും അതിന്റെ ജീവനക്കാര്‍ക്കും വ്യക്തികളുടെ ജീവിതം, താല്‍പ്പര്യങ്ങള്‍, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയെ കുറിച്ചുള്ള അടുത്ത വിവരങ്ങള്‍ പഠിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നാണ് യഥാര്‍ത്ഥ പരാതി.

വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ സമഗ്രമായ നിയമം ഇല്ലാത്ത യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡാറ്റാ സ്വകാര്യത വിഷയങ്ങളില്‍ വന്‍കിട ടെക് കമ്പനികളെ വെല്ലുവിളിക്കുന്നതിനുള്ള പ്രധാന വേദിയായി ഇത്തം കേസുകള്‍ മാറിയിരിക്കുന്നു.

ഉപയോക്തൃ തിരയല്‍ ഡാറ്റയിലേക്ക് മൂന്നാം കക്ഷിക്ക് ആക്സസ് നല്‍കുന്നതിനെച്ചൊല്ലിയുള്ള ദീര്‍ഘകാല കേസ് തീര്‍പ്പാക്കാന്‍ ഓഗസ്റ്റില്‍, ഗൂഗിള്‍ 23 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. 2022-ല്‍, ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ സമാനമായ ഒരു കേസ് തീര്‍പ്പാക്കി, ഉപയോക്തൃ ഡാറ്റ കൈകാര്യം ചെയ്യുന്നതിന് 725 മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചിരുന്നു.