ഷമി ഹീറോയാ.. വാങ്കഡെയിൽ ഇന്ത്യ രാജാക്കന്മാർ, ഒരു കളിക്ക് അപ്പുറം കപ്പ്

വിരാട് കോഹ്ലിയുടെ ചരിത്ര സെഞ്ചുറി, ശ്രേയസ് അയ്യരുടെ ശതകം, ഡാരില്‍ മിച്ചലിന്റെ ചെറുത്തു നില്‍പ്പ്, മുഹമ്മദ് ഷമിയുടെ 7 വിക്കറ്റ് നേട്ടം, ബുംറയുടെ ബ്രില്യന്‍സ്..ഒരു ക്രിക്കറ്റ് മത്സരത്തിന്റെ എല്ലാ ആവേശവും കണ്ട ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകർത്ത് ഇന്ത്യ ഫൈനലില്‍.. വാങ്കഡെ സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 70 റൺസിനാണ്‌ ഇന്ത്യയുടെ ജയം. കിവീസ്‌ ബാറ്റിങ്‌ നിരയുടെ നട്ടെല്ലൊടിച്ച പേസർ മുഹമ്മദ്‌ ഷമിയാണ്‌ ഇന്ത്യയ്‌ക്ക്‌ അഭിമാനജയം ഒരുക്കിയത്‌. 57 റൺസ്‌ വഴങ്ങിയ ഷമി ഏഴ്‌ വിക്കറ്റ്‌ നേടി. നാളെ നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക സെമി ഫൈനലിലെ വിജയിയെയാണ്‌ ഇന്ത്യ ഫൈനലിൽ നേരിടേണ്ടത്‌. ഞായറാഴ്‌ചയാണ്‌ കിരീടപ്പോരാട്ടം.

398 റണ്‍സ് വിജയലക്ഷ്യമൊരുക്കി കിവികളെ കാത്തിരുന്നു ഇന്ത്യന്‍ബൗളിങ് നിര. ഡവോണ്‍ കോണ്‍വേയും രച്ചിന്‍ രവീന്ദ്രയും ജസ്പ്രിത് ബുംറയേയും മുഹമ്മദ് സിറാജിനേയും കരുതലോടെയാണ് നേരിട്ടത്. എന്നാല്‍ മുഹമ്മദ് ഷമിയുടെ ആദ്യ പന്തില്‍ വാങ്ക്ഡേ ആർത്തിരമ്പി. കെ എല്‍ രാഹുലിന്റെ അത്യുഗ്രന്‍ ക്യാച്ചില്‍ കോണ്‍വെ (13) മടങ്ങി. ഷമിയുടെ രണ്ടാം ഓവറില്‍ രച്ചിനും (13) പുറത്ത്. ന്യൂസിലന്‍ഡ് 7.4 ഓവറില്‍ 39-2

പിന്നീടായിരുന്നു ഈ ലോകകപ്പില്‍ ഏറ്റവും മികച്ച ബൗളിങ് നിര ആദ്യമായി പരീക്ഷപ്പെട്ടത്. നായകന്‍ കെയിന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേർന്ന് ന്യൂസിലന്‍ഡ് ഇന്നിങ്സിനെ അപകടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു. കുല്‍ദീപ് യാദവ് – രവീന്ദ്ര ജഡേജ ദ്വയത്തിന് പോലും ഇരുവരേയും പിടിച്ച് നിർത്താനോ സ്കോറിങ്ങിന്റെ വേഗത കുറയ്ക്കാനോ കഴിഞ്ഞില്ല. കൂട്ടുകെട്ട് 150 റണ്‍സിനോട് അടുത്തതോടെ ബുംറയെ എത്തിച്ചു.

ബുംറ രണ്ടാം സ്പെല്ലിനെത്തിയ ആദ്യ ഓവറില്‍ തന്നെ അവസരം വന്നു. സ്ലോ ബോളിന് ബാറ്റ് വച്ച വില്യംസണ് പിഴച്ചതോടെ മിഡ് ഓണിലുണ്ടായിരുന്ന ഷമിയുടെ കൈകളിലേക്ക് പന്തെത്തി. പക്ഷേ അനായാസ ക്യാച്ച് ഷമി വിട്ടുകളഞ്ഞു. വില്യംസണ്‍ 52 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഷമിക്ക് പിഴച്ചത്. വൈകാതെ തന്നെ തന്റെ വീഴ്ചയ്ക്ക് ഷമി പരിഹാരം കണ്ടു.

33-ാം ഓവറിന്റെ ആദ്യ പന്തില്‍ ഡാരില്‍ മിച്ചല്‍ സെഞ്ചുറി തികച്ചു. 85 പന്തുകളില്‍ നിന്നായിരുന്നു വലം കയ്യന്‍ ബാറ്റർ മൂന്നക്കം കടന്നത്. രണ്ടാം പന്തില്‍ വില്യംസണെ ഷമി പവലിയനിലേക്ക് മടക്കി. 69 റണ്‍സാണ് ന്യൂസിലന്‍ഡ് നായകന്‍ നേടിയത്. പിന്നാലെ എത്തിയ ടോം ലാഥത്തെ (0) ഷമി വിക്കറ്റിന് മുന്നിലും കുടുക്കി. ഷമി നല്‍കിയ ഇരട്ടപ്രഹരം വീണ്ടും ന്യൂസിലന്‍ഡിനെ പിന്നോട്ടടിച്ചു (220-4).

ഗ്ലെന്‍ ഫിലിപ്സ് താളം കണ്ടെത്തി തുടങ്ങിയതോടെ വീണ്ടും റണ്ണൊഴുക്കി തുടങ്ങി. പക്ഷെ 41 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സിനെ പുറത്താക്കി ബുംറ 75 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ മാർക്ക് ചാപ്പ്മാനെ കുല്‍ദീപിന് ഇരയായി. ഇരുവിക്കറ്റുകളിലും ജഡേജയുടെ ചോരാത്ത കൈകളുടെ സാന്നിധ്യമുണ്ടായിരുന്നു.

അഞ്ച് ഓവറില്‍ 92 റണ്‍സെന്ന സമ്മർദം ഡാരില്‍ മിച്ചലിനെ കൂറ്റനടിക്ക് പ്രേരിപ്പിച്ചു. ഒടുവില്‍ ഷമിയുടെ പന്തില്‍ ഡാരിലിന്റെ ഒറ്റയാള്‍ പോരാട്ടം അവസാനിച്ചു. 134 റണ്‍സാണ് താരം നേടിയത്. ഇതോടെ ഷമി അഞ്ചു വിക്കറ്റ് തികയ്ക്കുകയും ചെയ്തും. ടൂർണമെന്റില്‍ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേടുന്നത്, ലോകകപ്പില്‍ നാലാമതും.മിച്ചല്‍ സാന്റ്നറിനും ടിം സൗത്തിക്കും എത്തിപ്പിടിക്കാനാകുന്നതിലും ദൂരത്തായിരുന്നു വിജയലക്ഷ്യം. സാന്റ്നറിനെ (9) സിറാജ് 48-ാം ഓവറില്‍ രോഹിതിന്റെ കൈകളിലെത്തിച്ചു. ഷമിയുടെ ആറാം ഇരയായി സൗത്തി (9) മാറി. ഫെർഗൂസണിനേയും (6) പറഞ്ഞയച്ച് ഷമി തന്നെ ഇന്ത്യയുടെ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു.ഇത്‌ നാലാം തവണയാണ്‌ ഇന്ത്യ ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിൽ കടക്കുന്നത്‌. 1983, 2003, 2011 പതിപ്പുകളിൽ ഇന്ത്യ ലോകകിരീടത്തിനായുള്ള കലാശപ്പോരാട്ടത്തിൽ മാറ്റുരച്ചു. രണ്ട്‌ തവണ ജേതാക്കളായി. 1983 ലും 2011 ലും. കപിൽ ദേവ്‌, മഹേന്ദ്രസിങ്‌ ധോണി എന്നിവരായിരുന്നു യഥാക്രമം ക്യാപ്‌റ്റന്മാർ. 2003 ൽ സൗരവ്‌ ഗാംഗുലിയുടെ പട ഫൈനലിൽ കടന്നെങ്കിലും ഓസ്‌ട്രേലിയയോട്‌ പരാജയപ്പെട്ടു.

India beat New Zealand by 70 runs to reach ICC Cricket World Cup final

More Stories from this section

family-dental
witywide