ധർമശാല : ഹിമാചലിലെ മഞ്ഞുപെയ്യുന്ന ധർമശാല മൈതാനത്ത് ഇന്ത്യ ഒരിക്കൽ കൂടി ഉറപ്പിച്ചു- അജയ്യരാണ് തങ്ങളെന്ന് . ക്രിക്കറ്റ് ലോകകപ്പില്‍ തുടർച്ചയായ അഞ്ചാം വിജയവുമായി ഇന്ത്യ കുതിച്ചു മുന്നേറുന്നു. ടൂര്‍ണമെന്റിലെ അപരാജിത ടീമുകളായ ഇന്ത്യയും ന്യൂസീലന്‍ഡും ഇന്ന് കൊമ്പുകോര്‍ത്തപ്പോള്‍ ജയം ഇന്ത്യക്കൊപ്പം. നാലു വിക്കറ്റിന് കിവീസിനെ തോല്‍പിച്ചു ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് പുറത്താകുകയായിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടോവര്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെ വീണ മുന്‍നായകന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്.
104 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 95 റണ്‍സാണ് കോഹ്ലി നേടിയത്.കോഹ്ലി പുറത്തായ ശേഷം മുഹമ്മദ് ഷമി(1)യെ കൂട്ടുനിര്‍ത്തി ജഡേജ ഇന്ത്യയെ വിജയിപ്പിച്ചു. കിവീസിനു വേണ്ടി ഫെര്‍ഗൂസന്‍ രണ്ടും ട്രെന്റ്‌ബോള്‍ട്ട്, മാറ്റ് ഹെന്റ്‌റി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഈ ലോകകപ്പില്‍ ആദ്യ മത്സരം കളിക്കുന്ന മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. പത്തോവറില്‍ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. പത്തോവറില്‍ ഒരു മെയ്ഡനടക്കം 45 റണ്‍സ് മാത്രം വഴങ്ങി ഓരോ വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മികച്ച പിന്തുണ നല്‍കി. സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും പത്തോവറില്‍ 73 റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി.
India beats New Zealand in one day world cup cricket