ന്യൂഡൽഹി: സനാതന ധര്‍മം പൂര്‍ണമായും തുടച്ചുനീക്കപ്പെടണമെന്ന ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ സംഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രത്തിന്റെയും ഭാഗമാണ് ഉദയനിധിയുടെ പരാമര്‍ശമെന്നും അമിത് ഷാ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ദുംഗര്‍പുരില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉദനനിധിയുടെ പരാമര്‍ശമെന്നും ഷാ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദനിധിയുടെ പരാമര്‍ശം വലിയ വിവാദമായതിന് പിന്നാലെയാണ് അമിത് ഷായുടെ വിമര്‍ശനം.
“കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ അപമാനിക്കുകയാണ്. ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സനാതന ധര്‍മം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതാദ്യമായല്ല അവര്‍ സനാതന ധര്‍മത്തെ അപമാനിക്കുന്നത്. ഇതിന് മുമ്പ് മന്‍മോഹന്‍ സിങ് ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങള്‍ക്കാണ് പറഞ്ഞു. എന്നാല്‍ ബജറ്റിലെ ആദ്യ അവകാശം പാവങ്ങള്‍ക്കും ആദിവാസികള്‍ക്കും ദളിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കുമാണെന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത് മോദി വിജയിച്ചാല്‍ സനാതനം ഭരിക്കുമെന്നാണ്. രാഹുല്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ-തയ്ബയുമായാണ് ഹിന്ദു സംഘടനകളെ താരതമ്യപ്പെടുന്നത്. ഹിന്ദു സംഘടനകള്‍ ലഷ്‌കര്‍ ഇ-തയ്ബയെക്കാള്‍ അപകടകാരികളാണെന്ന് വരെ രാഹുല്‍ പറഞ്ഞു,” അമിത് ഷാ ആരോപിച്ചു.
സനാതന ധര്‍മം സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്നും കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് അതെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു പരാമര്‍ശം.