ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ ഹൂതി വിമതർ റാഞ്ചി, കപ്പൽ തങ്ങളുടേതല്ല എന്ന് ഇസ്രയേൽ

ടെൽ അവീവ്‌ : തുർക്കിയിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട ചരക്കു കപ്പൽ യമനിലെ ഹൂതി വിമതർ പിടിച്ചെടുത്തെന്ന്‌ ഇസ്രയേൽ. ഗാലക്‌സി ലീഡര്‍ എന്ന് പേരുള്ള കപ്പല്‍ ചെങ്കടലില്‍ വെച്ചാണ് ഹൂതി വിമതര്‍ റാഞ്ചിയതെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അപലപിച്ചു. എന്നാല്‍ ഇസ്രയേലി കപ്പലാണ് തട്ടിയെടുത്തതെന്ന് ഹൂതി വക്താക്കളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. തുറമുഖ നഗരമായ സാലിഫിലേക്കാണ് കപ്പല്‍ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തങ്ങളുടെ കപ്പലല്ല ഹൂതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയും എക്‌സില്‍ കുറിച്ചു.

വിവിധ രാജ്യക്കാരായ 50 ജീവനക്കാർ കപ്പലിലുണ്ട്‌. ഇന്ത്യക്കാർ ഉള്ളതായി വിവരമില്ല. കപ്പൽ ഇസ്രയേൽ കമ്പനിയുടേതല്ലെന്നും ജീവനക്കാരിൽ ഇസ്രയേൽ പൗരർ ഇല്ലെന്നും സേന സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.  

ബ്രിട്ടീഷ്‌ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ വ്യവസായ സ്ഥാപനത്തിനുവേണ്ടിയാണ്‌ പ്രവർത്തിക്കുന്നത്‌. ഇസ്രയേൽ വ്യവസായി എബ്രഹാം ഉങ്കറിന്റെ ഭാഗിക ഉടമസ്ഥതയിലുള്ളതാണ്‌ കപ്പലെന്നും റിപ്പോർട്ടുണ്ട്‌. ഇസ്രയേൽ–- ഹമാസ്‌ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹൂതി വിമതരും ഇസ്രയേലും തമ്മിൽ സംഘർഷം ശക്തമാണ്‌.

India bound cargo ship hijacked by Houthi rebels