
ഒട്ടാവ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ത്യയോട് കൂടുതൽ വിശദീകരണം തേടി കാനഡ. സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരെയുള്ള വധശ്രമം പരാജയപ്പെടുത്തിയെന്ന അമേരിക്കയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യ അന്വേഷണത്തോട് കൂടുതല്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
‘അമേരിക്കയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ നമ്മള്‍ ആദ്യം മുതല്‍ സംസാരിച്ചിരുന്നതിനെ കൂടുതല്‍ അടിവരയിടുന്നതാണ്. അതായത് ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ട്,’ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
അതേസമയം ഗുർപത്വന്ത് സിംഗ് പന്നൂനെതിരായ കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തക്കെതിരെ(52) യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അയാളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ ഡൽഹി ഉൾപ്പെട്ടിട്ടുണ്ടെന്ന ആശങ്കയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്ത് രാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവവികാസം. “ഇന്ത്യയിലും മറ്റിടങ്ങളിലും ഗുപ്ത ഉൾപ്പെടെയുള്ളവരുമായി ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർക്കാർ ജീവനക്കാരൻ, ഇന്ത്യൻ വംശജനും യുഎസ് പൗരനുമായ ഒരു അഭിഭാഷകനെയും രാഷ്ട്രീയ പ്രവർത്തകനെയും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി” കോടതി രേഖകളെ ഉദ്ധരിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ പറയുന്നു.