വിപണിയിലെ പിരിമുറുക്കം അയഞ്ഞ സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യ. നേരത്തെ സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ച അമേരിക്കയ്ക്ക് മറുപടിയായി 2019-ല്‍ ഇറക്കുമതി നികുതി വർധിപ്പിച്ച 28 യുഎസ് ഉല്‍പന്നങ്ങളുടെ തീരുവയിലും ഇന്ത്യ ഇളവുവരുത്തി. സെപ്റ്റംബർ 9-10 തീയതികളിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്താനിരിക്കെയാണ് നീക്കം.
ചെറുപയർ, പരിപ്പ്, ആപ്പിൾ, വാൽനട്ട്, ഷെല്ലുള്ള വാൽനട്ട്, ബദാം ഉണക്കിയതോ, അല്ലാത്തതോ, ബദാം തോടുള്ളത് എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ അധിക തീരുവ എടുത്തുകളയുമെന്ന് സെപ്റ്റംബർ 5 ന് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ, ലോകവ്യാപാര സംഘടനാ യോഗത്തില്‍ തർക്കങ്ങൾ അവസാനിപ്പിക്കാനും പ്രതികാരമായി വർധിപ്പിച്ച താരിഫ് നീക്കം ചെയ്യാനും ഇരു രാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നികുതി ഇളവുകള്‍.
കരാർ പ്രകാരം, ആപ്പിൾ – 20 ശതമാനം, ചെറുപയർ – ശതമാനം, പരിപ്പ് 20 ശതമാനം, ബദാം ഉണക്കിയതോ, അല്ലാത്തതോ – കിലോയ്ക്ക് 7 രൂപ, ബദാം തൊണ്ടുള്ളത് – കിലോയ്ക്ക് 20 രൂപ, വാള്‍നട്ട് – 20 രൂപ എന്നിവയ്ക്കുള്ള അധിക തീരുവ ഒഴിവാക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. 2021-22 സാമ്പത്തിക വർഷത്തിലെ 119.5 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2022-23 ലേക്ക് എത്തുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം 128.8 ബില്യൺ യുഎസ് ഡോളറായി ഉയർന്നിട്ടുണ്ട്.