
ന്യൂഡൽഹി: കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ ബുധനാഴ്ച പുനരാരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷവും നയതന്ത്ര ബന്ധങ്ങളിലെ വിള്ളലും രൂക്ഷമായ സാഹചര്യത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ ഇന്ത്യ കാനഡയിലെ വിസ സേവനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
അടുത്തിടെ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയും കനേഡിയൻ പ്രധാനമന്ത്രിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ഭിന്നത രൂക്ഷമായത്.
ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
ഇക്കഴിഞ്ഞ ജൂണിൽ വാൻകൂവറിന് സമീപമുള്ള സിഖ് ക്ഷേത്രത്തിന്റെ പാർക്കിംഗ് സ്ഥലത്തു വെച്ച്, മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1997 ൽ കാനഡയിലേക്ക് കുടിയേറിയ ഇയാൾക്ക് 2015 ൽ കനേഡിയൻ പൗരത്വം ലഭിച്ചിരുന്നു.