ജനീവ: തീവ്രവാദം വളർത്തുന്ന ഗ്രൂപ്പുകളെ അനുവദിക്കരുതെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിദ്വേഷ കുറ്റകൃത്യങ്ങളും പ്രസംഗങ്ങളും തുടരുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. കാനഡയിൽ ആരാധനാലയങ്ങൾക്ക് നേരെ, പ്രത്യേകിച്ച് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നിർദേശം.
ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ (യുഎന്‍എച്ച്ആര്‍സി) അവലോകന യോഗത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായ കെ.എസ് മുഹമ്മദ് ഹുസൈനാണ് നിർദേശം മുന്നോട്ടുവച്ചത്.
മനുഷ്യക്കടത്തിനെതിരെയുള്ള കാനഡയുടെ ദേശീയ റിപ്പോര്‍ട്ടിങ്ങിനെ സ്വാഗതം ചെയ്യുന്നതായും കാനഡയുടെ പ്രതിനിധികളോട് നന്ദി രേഖപ്പെടുത്തുന്നതായും ഹുസൈന്‍ പറഞ്ഞു.
‘ആധുനിക അടിമത്വ’ത്തിന്റെ പേരില്‍ കാനഡയെ വിമര്‍ശിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ശിപാര്‍ശ. സമകാലിക രീതിയിലുള്ള അടിമത്വത്തിന്റെ പ്രജനന കേന്ദ്രമെന്ന് വിമര്‍ശിച്ചുകൊണ്ട് കാനഡയുടെ വിദേശ തൊഴിലാളി പരിപാടികളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്ന റിപ്പോര്‍ട്ടായിരുന്നു ഐക്യരാഷ്ട്ര സഭയുടേത്. തൊഴിലാളികളെ സംരക്ഷിക്കുക, ചൂഷണത്തിന് സാധ്യതയുള്ള വിവേചനങ്ങള്‍ കൈകാര്യം ചെയ്യുക, എല്ലാ കുടിയേറ്റക്കാര്‍ക്കും സ്ഥിരതാമസത്തിനുള്ള വ്യക്തമായ മാര്‍ഗങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കനേഡിയന്‍ അധികാരികള്‍ക്ക് മുമ്പാകെ മനുഷ്യാവകാശ സമിതി അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസവും ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കാനഡ പ്രധാനമന്ത്രി ട്രൂഡോ രംഗത്തെത്തിയിരുന്നു. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനാണ് അപകടം നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെവിളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കണ്‍വന്‍ഷന്‍ ലംഘനമാണെന്ന ആരോപണം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു ട്രൂഡോയുടെ വിമര്‍ശനം.
ഖലിസ്ഥാന്‍ നേതാവായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കാനഡ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം ഇന്ത്യ നിഷേധിക്കുകയും ചെയ്തു.
India urges Canada not to tolerate extremist groups promoting terrorism