
ലഖ്നൗ: 2023ലെ ഏകദിന ലോകകപ്പ് ഫൈനൽ ഗുജറാത്തിന് പകരം ലഖ്‌നൗവിൽ നടന്നിരുന്നെങ്കിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടീം ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
“ഗുജറാത്തിൽ നടത്തിയ ഫൈനൽ മത്സരം ലഖ്നൗവിൽ ആയിരുന്നു നടന്നതെങ്കിൽ ഇന്ത്യൻ ടീമിന് നിരവധി അനുഗ്രഹങ്ങൾ ലഭിക്കുമായിരുന്നു. ടീമിന് ഭഗവാൻ വിഷ്ണുവിന്റെയും അടൽ ബിഹാരി വാജ്‌പെയിയുടേയും ഒക്കെ അനുഗ്രഹം ലഭിക്കുകയും അതിലൂടെ ജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ അറിയാൻ കഴിയുന്നത് പിച്ചിന് എന്തോ പ്രശ്നം ഉണ്ടായിരുന്നുവെന്നാണ്,” അഖിലേഷ് യാദവ് പറഞ്ഞു.
ഏകന സ്റ്റേഡിയം എന്നാണ് ലഖ്നോവിലെ സ്റ്റേഡിയത്തിന് നൽകിയിരുന്ന പേര്. ഏകന എന്നാൽ ശ്രീകൃഷ്ണന്‍റെ പേരാണ്. 2018ൽ ബിജെപി ഈ സ്റ്റേഡിയത്തിനെ ‘ഭാരത് രത്ന അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം’ എന്ന് പുനർനാമകരണം ചെയ്തിരുന്നു.
അഹമ്മദാബാദിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ തോറ്റത് പ്രധാനമന്ത്രി മോദി പങ്കെടുത്തതുകൊണ്ടാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
“ഇന്ത്യന്‍ ക്രിക്കറ്റ് ടീം നന്നായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലോകകപ്പ് നേടേണ്ടതായിരുന്നു. ഇതിനിടയിലാണ് ദുശ്ശകുനം സ്‌റ്റേഡിയത്തിലെത്തിയത്. ഇതോടെ, വിധി ഇന്ത്യക്ക് എതിരായി. അപശകുനം ടീമിന്റെ പരാജയത്തിലേക്ക് നയിച്ചു,” എന്നായിരുന്നു രാഹുലിന്റെ പരിഹാസം.