
ടെക്സാസ്: യുഎസിലെ ടെക്‌സാസിലെ ഫോർട്ട് ബെൻഡ് കൗണ്ടി കമ്മീഷണറായി മത്സരിക്കുന്ന 29 കാരനായ ഇന്ത്യൻ-അമേരിക്കൻ പോളിസി വിദഗ്ധൻ, തനിക്ക് സോഷ്യൽ മീഡിയയിൽ വംശീയവും വിദ്വേഷവും നിറഞ്ഞ സന്ദേശങ്ങൾ ലഭിച്ചിതായി വെളിപ്പെടുത്തി. ഡെമോക്രാറ്റ് സ്ഥാനാർഥി തരാൽ പട്ടേൽ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ഈ ആഴ്‌ച ആദ്യം ഓൺലൈനിൽ ലഭിച്ച ചില സന്ദേശങ്ങളുടെ ഫോട്ടോയും അദ്ദേഹം വെളിപ്പെടുത്തി. തരാൽ ഒരു വിദേശിയാണെന്നും ജനങ്ങളുടെ സ്വാതന്ത്ര്യവും തോക്കുകളും കവർന്നെടുക്കാൻ ശ്രമിക്കുന്നുവെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ എഴുതി.
തരാൽ ജനിച്ചത് അമേരിക്കയിലാണോ എന്ന് ഭീഷണിക്കാർ സോഷ്യൽ മീഡിയയിൽ ചോദിച്ചു. പട്ടേലും അദ്ദേഹത്തിന്റെ അനുയായികളും മൃഗങ്ങളെ ആരാധിക്കുന്നവരാണെന്നും അതിനാൽ തങ്ങൾ ക്രിസ്ത്യാനിയായ നിലവിലെ കമ്മീഷണർ ആൻഡി മെയേഴ്സിനെ പിന്തുണയ്ക്കുന്നുവെന്നും മറ്റുള്ളവർ പറഞ്ഞു.
“കൌണ്ടി കമ്മീഷണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന നിങ്ങളുടെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി എന്ന നിലയിൽ, എന്റെ നയപരമായ നിലപാടുകളോടും മറ്റ് വിഷയങ്ങളിലെ നിലപാടുകളോടുമുള്ള വിമർശനങ്ങളെ ഞാൻ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ, എന്റെ റിപ്പബ്ലിക്കൻ എതിരാളിയുടെ അനുയായികൾ എന്റെ കുടുംബത്തിനും വിശ്വാസ സമൂഹത്തിനും സഹപ്രവർത്തകർക്കും എനിക്കും നേരെ വംശീയ, കുടിയേറ്റ വിരുദ്ധ, ഹിന്ദുഫോബിക് അല്ലെങ്കിൽ മറ്റെന്തെങ്കിലും വിദ്വേഷം വാരി വിതറാൻ ശ്രമിക്കുന്നു. ഇത് എല്ലാ പരിധികളും മറികടക്കുന്നു,” പട്ടേൽ പറഞ്ഞു.
മുമ്പ് ഫോർട്ട് ബെൻഡ് കൗണ്ടിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന പട്ടേൽ, കൗണ്ടിയിൽ വളർന്ന് അവിടുത്തതെ പ്രാദേശിക സ്കൂളുകളിലാണ് പഠിച്ചത്. താനൊരു അഭിമാനിയായ അമേരിക്കക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.