വാഷിങ്ടൺ: ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെരായ കൊലപാതക ഗൂഢാലോചന ആരോപണത്തിൽ, നിഖിൽ ഗുപ്തയുടെ കുറ്റപത്രത്തെക്കുറിച്ച് യുഎസ് ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റുകളായ ഇന്ത്യൻ-അമേരിക്കൻ അംഗങ്ങളോട് വിശദീകരിച്ച് യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ.
“കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന നടപടികൾ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അത് ഇന്ത്യൻ – അമേരിക്കൻ പങ്കാളിത്തത്തിന് കാര്യമായ നാശമുണ്ടാക്കുമെന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. നിഖിൽ ഗുപ്തയ്‌ക്കെതിരായ നീതിന്യായ വകുപ്പിന്റെ കുറ്റാരോപണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുന്ന ഭരണകൂടത്തെ അഭിനന്ദിക്കുന്നു,” കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.
ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ അമേരിക്കയിൽ വച്ച് കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നതാണ് ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയ്ക്കെതിരായ ആരോപണം. ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് അംഗങ്ങളായ അമി ബേര, പ്രമീള ജയപാൽ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ശ്രീ താനേദാർ എന്നിവർ യുഎസിൽ നിന്ന് രഹസ്യ വിവരങ്ങൾ സ്വീകരിച്ച ശേഷം സംയുക്ത പ്രസ്താവന പുറത്തിറക്കി. നവംബർ 29-ന്, അമേരിക്കൻ പൗരനായ പന്നൂനെ അമേരിക്കയിൽ വച്ച് വധിക്കാനുള്ള ഗുപ്തയുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നാണ് യുഎസ് ആരോപിക്കുന്നത്.
” യുഎസ് കോൺഗ്രസ് അംഗങ്ങൾ എന്ന നിലയിൽ, ഞങ്ങളുടെ ഘടകകക്ഷികളുടെ സുരക്ഷയും ക്ഷേമവുമാണ് പ്രധാനപ്പെട്ട മുൻഗണന. കുറ്റപത്രത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്,”പ്രസ്താവനയിൽ പറഞ്ഞു.