ന്യൂഡല്‍ഹി: യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷ്ണര്‍ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്ലന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍. ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വിവാദമായ സാഹചര്യത്തിലാണ് യുകെയിലെ സംഭവം. ഗുരുദ്വാര മാനേജിംഗ് കമ്മിറ്റിയുടെ ക്ഷണപ്രകാരം എത്തിയതായിരുന്നു ഇന്ത്യന്‍ സ്ഥാനപതി. ഇതിനിടെയാണ് ഖലിസ്ഥാന്‍ വാദികള്‍ സ്ഥലത്തെത്തുകയും ദൊരൈസ്വാമിയെ തടയുകയും ചെയ്തത്.
ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകന്‍ ദൊരൈസ്വാമിയെ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാര്‍ക്കിംഗ് ഏരിയയില്‍ ഹൈക്കമ്മീഷണറുടെ കാറിന് സമീപം രണ്ട് പേര്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവരിലൊരാള്‍ ലോക്ക് ചെയ്ത കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഹൈക്കമ്മീഷണര്‍ തിരിച്ചു പോകുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ച് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ തന്റെ ആരോപണം തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ട്രൂഡോ നല്‍കിയിട്ടില്ല. അതേസമയം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന് ഈ സംഭവം കാരണമായി.