കൊച്ചി: പ്രശസ്ത ചലചിത്ര സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് അന്ത്യം സംഭവിച്ചത്. ന്യുമോണിയയും കരള്‍ രോഗവും മൂലം ഒരു മാസത്തോളം എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെയാണ് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായത്.
ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വസതിയിലും പൊതുദർശനമുണ്ടാകും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം.
സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റായാണ് സിദ്ദീഖ് മലയാള സിനിമയിലെത്തുന്നത്. 1986-ൽ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നാലെ 1989-ൽ നടനും സംവിധായകനുമായ ലാലുമായി ചേർന്ന് ‘റാംജി റാവു സ്പീക്കിങ്’ എന്ന കന്നി സംവിധാന സംരംഭമൊരുക്കി. കൊച്ചിന്‍ കലാഭവനില്‍ മിമിക്രി കലാകാരന്മാരായി കരിയറാരംഭിച്ച സിദ്ദീഖ്- ലാല്‍ കൂട്ടുകെട്ട് പിന്നീട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരുപിടി ഹിറ്റുചിത്രങ്ങളാണ്. 1993ല്‍ റിലീസായ ‘കാബൂളിവാല’ വരെ ഈ കൂട്ടുകെട്ട് നീണ്ടുനിന്നു.
ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്നാം കോളനി, ഗോഡ്ഫാദര്‍, ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്സ്, ബോര്‍ഡി ഗാര്‍ഡ് തുടങ്ങിയ നിരവധി ഹിറ്റുകള്‍ക്കൊണ്ട് മലയാളത്തില്‍ സ്വന്തം മുദ്ര പതിപ്പിച്ചപ്പോള്‍, തമിഴിലില്‍ വിജയ് നായകനായ ‘കാവലനും’, ബോളിവുഡിലെ ശതകോടി ചിത്രം ‘ബോഡി ഗാർഡും’ മൊഴിമാറ്റത്തിലൂടെ സിദ്ദീഖ് കണ്ടെത്തിയ വിജയങ്ങളായി. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ബിഗ് ബ്രദർ’ ആണ് സിദ്ദീഖിന്റെ അവസാന ചിത്രം.
എറണാകുളം പുല്ലേപ്പടിയിൽ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായി 1956-ലാണ് സിദ്ദീഖ് ജനിച്ചത്. കലൂര്‍ ഗവ. ഹൈസ്‌കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സജിതയാണ് ഭാര്യ. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.