ന്യൂഡൽഹി: ഇന്ത്യയിലെ നയതന്ത്ര ഓഫിസുകളിലെ 41 ഉദ്യോഗസ്ഥരെ കാനഡ പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിൽ കാനഡയ്ക്ക് ഒപ്പം നിന്ന ബ്രിട്ടനും അമേരിക്കയ്ക്കും മറുപടിയുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തന്നെ രംഗത്തു വന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നുവെന്നും ഇന്ത്യയ്ക്ക് കനേഡിയൻ രാഷ്ട്രീയത്തിലെ ചില വിഭാഗങ്ങളുമായി പ്രശ്നങ്ങളുണ്ടെന്നും ജയ്ശങ്കർ തുറന്നടിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയിയെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചത്. മൂന്ന് കോൺസുലേറ്റകളിലെ പ്രവർത്തനം താത്കാലികമായി നിർത്തുകയും ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷാപരിരക്ഷ ഇന്ത്യ എടുത്തുമാറ്റുമെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചത്.
21 നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ഇന്ത്യയിൽ അവശേഷിക്കുന്നത്. ചണ്ഡീഗഢിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും കോൺസുലേറ്റുകളിലെ പ്രവർത്തനങ്ങളാണ് താത്ക്കാലികമായി നിർത്തേണ്ടി വന്നത്.
41 നയതന്ത്ര പ്രതിനിധികളെ കാനഡ പിൻവലിച്ചതിന് പിന്നാലെ അമേരിക്കയും ബ്രിട്ടനും ആശങ്ക അറിയിച്ചിരുന്നു.
‘വിയന്ന കൺവെൻഷന്‍ എല്ലാവർക്കും തുല്യത ഉറപ്പു നൽകുന്നുണ്ട്. ഈ രാജ്യാന്തര നിയമം വളരെ പ്രസക്തമാണ്. നമ്മുടെ കാര്യത്തിൽ, കനേഡിയൻ ഉദ്യോഗസ്ഥർ ആഭ്യന്തര കാര്യങ്ങളിൽ തുടർച്ചയായി ഇടപെടുന്നതിനെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നതിനാൽ ഞങ്ങൾ തുല്യത ആവശ്യപ്പെട്ടു.കനേഡിയൻ രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേക വിഭാഗവുമായും അവരുടെ നയങ്ങളുമായും ഞങ്ങൾക്ക് പ്രശ്‌നങ്ങളുണ്ട്’ ജയ്ശങ്കർ പറഞ്ഞു.
ആളുകൾക്ക് വീസയുടെ കാര്യത്തിൽ ആശങ്കയുണ്ട്. വീസ നൽകുന്നത് നിർത്തിവയ് ക്കേണ്ടി വന്നു. കാരണം നമ്മുടെ നയതന്ത്രജ്ഞരുടെ സുരക്ഷയ്ക്ക് ഭീഷണി നേരിടുന്നുണ്ട്. അവർക്ക് ജോലിക്കു പോകാൻ ബുദ്ധിമുട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് വിയന്ന കൺവൻഷൻ്റെ അടിസ്ഥാന കാര്യമാണ്. ആ കാര്യത്തിൽ പുരോഗതി ഉണ്ടാവുകയാണെങ്കിൽ വീസ സേവനം പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കും – ജയ്ശങ്കർ വ്യക്തമാക്കി.
Indian External affaires minister S. Jaishankar responds to Canadian diplomatic crises