യുഎസ് ജോർജിയയിലെ കാസ്റ്റർവില്ലിൽ മോട്ടൽ നടത്തിയിരുന്ന ഇന്ത്യക്കാരന് 57 മാസം തടവും 40000 യുഎസ് ഡോളർ പിഴയും. മോട്ടലിലെ ജോലിക്കെന്നു പറഞ്ഞ് ഒരു സ്ത്രീയെ കടത്തിക്കൊണ്ടു വരികയും അവരെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും അടിമയ്ക്കു സമാനമായി അവരെ അങ്ങേയറ്റം ഉപദ്രവിക്കുകയും ചെയ്തെന്ന് കോടതി കണ്ടെത്തി . 71 വയസ്സുള്ള ശ്രീഷ് തിവാരിയാണ് ജയിലിലായിരിക്കുന്നത്. ഇയാൾ യുഎസ് പൌരനല്ല, പക്ഷേ പിആർ ഉണ്ട്. 2020 മുതൽ ഇയാൾ കാസ്റ്റർവില്ലിൽ മോട്ടൽ നടത്തുന്നുണ്ട്. അതിലേക്ക് ജോലിക്കെന്ന് പറഞ്ഞ് അയാൾക്ക് മുൻ പരിചയമുള്ള ഒരു സ്ത്രീയെ കൊണ്ടുവന്നു. ആ സ്ത്രീക്ക് വീടില്ല, ഭർത്താവുമായി പ്രശ്നങ്ങളുണ്ട്, ഇളയകുട്ടിയുടെ കസ്റ്റഡി സംബന്ധിച്ചും പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വിവരങ്ങളെല്ലാം അറിയാമായിരുന്ന പ്രതി ഇവരെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നൽകിയാണ് മോട്ടലിൽ എത്തിച്ചത്. ഇവർക്ക് നല്ല ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. അതുവഴി അവരുടെ ജീവിത പ്രാരാബ്ധങ്ങൾ അവസാനിക്കുമെന്ന് അവർ കരുതി.
എന്നാൽ അമേരിക്കയിലെ മോട്ടലിൽ എത്തിയതോടെ തിവാരിയുടെ മട്ടുമാറി. അവിടെ ജോലിക്കാരിക്ക് നൽകിയ മുറിയിൽ നിരന്തരം ശല്യം തുടങ്ങി. ഇയാളുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത ഈ സ്ത്രീയെ പലപ്പോളും ഇയാൾ മുറിയിൽ നിന്ന് ഇറക്കിവിടുന്നതും അർധരാത്രി പോകാൻ മറ്റിടമില്ലാതെ ഈ സ്ത്രീ കഷ്ടപ്പെടുന്നതും മോട്ടലിലെ മറ്റ് ജീവനക്കാർ കണ്ടതായി പൊലീസ് റിപ്പോർട്ടിലുണ്ട്. സ്ത്രീയുടെ വീട്ടുകാരുമായോ ബന്ധുക്കളുമായോ ഫോണിലൂടെ സംസാരിക്കാൻ തിവാരി അനുവദിച്ചിരുന്നില്ല. മോട്ടൽ ജീവനക്കാരുമായോ കസ്റ്റമേഴ്സുമായോ ഇടപെടുന്നതും തിവാരി നിയന്ത്രണം ഏർപ്പെടുത്തി. ഒരു ലൈംഗിക അടിമയെപ്പോലെയാണ് തിവാരി അവരോട് പെരുമാറിയിരുന്നത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം താൻ അനധികൃതമായി എത്തിയത് പൊലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
അങ്ങേയറ്റം നിസ്സഹായ അവസ്ഥയിലായിരുന്ന ഇരയുടെ ഭൂതകാലം അറിയാമായിരുന്ന തിവാരി അവരെ ചൂഷണംചെയ്യുകയായിരുന്നു എന്നും ഇത്ര വലിയ ഇരപിടിയിനായ തിവാരിക്ക് തക്കതായ ശിക്ഷ നൽകണമെന്നും അറ്റ്ലാൻ്റ കോടതിയിൽ പ്രോസിക്യൂട്ടർ വാദിച്ചു.
Indian Motel Manager In US Jailed For Human Trafficking, Forced Labour