സതീശന്‍ നായര്‍
ചിക്കോഗോ: രാഷ്ട്രീയ തിരക്കിനിടയില്‍ അപ്പ കുടുംബത്തില്‍ ഞങ്ങളോട് സംസാരിക്കുന്നത് വളരെ കുറച്ചു മാത്രമായിരുന്നു. അന്നൊക്കെ അത് ഓര്‍ത്ത് വിഷമം തോന്നിയിട്ടുണ്ട്. ഇന്ന് അപ്പയുടെ ഷൂസില്‍ കയറി നിന്നപ്പോഴാണ് അപ്പ നേരിട്ട തിരക്ക് ബോധ്യപ്പെട്ടതെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുലര്‍ച്ചെ നാല് മണി മുതല്‍ ഫോണുകള്‍ വരും. മണ്ഡലത്തിലെ എല്ലാ ചടങ്ങുകള്‍ക്കും പോകണം. ഞാന്‍ പോകുമ്പോള്‍ അപ്പ വരുന്നതുപോലെയാണ് ആളുകള്‍ കാണുന്നത്. അമേരിക്കന്‍ മലയാളികളോട് ഉമ്മന്‍ചാണ്ടി വലിയ കരുതല്‍ കാട്ടിയിരുന്നു. ആ കരുതല്‍ തുടരുക തന്നെ ചെയ്യും. അതിനായി കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കേരളം മയക്കുമരുന്ന് ലോബികളുടെ താവളമായി മാറുകയാണ്. യുവ തലമുറ അവരുടെ പിടിയില്‍ വീണുപോകുന്നു എന്നാണ് ഉദ്യോഗസ്ഥന്മാരില്‍ നിന്ന് കിട്ടിയ വിവരം. കുട്ടികളും യുവാക്കളും വഴി തെറ്റി പോകുന്നത് അപകടമാണ്. മയക്കുമരുന്ന് ഉപയോഗത്തിലേക്ക് യുവതലമുറ വീഴുന്നത് തടയാന്‍ കായിക മേഖലയിലെ വികസനം അനിവാര്യമാണ്. കായികരംഗത്തേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാനാകണം. അമേരിക്കയിലെ സാഹചര്യം നമുക്കറിയാം. എല്ലാ രംഗത്തും സ്പോര്‍ട്സിന് വലിയ പ്രധാന്യം ഉണ്ട്. അതുപോലെ കേരളത്തിലെയും സാഹചര്യം മാറണം. ആ ലക്ഷ്യവുമായി പുതുപ്പള്ളിയെ ഒരു സ്പോര്‍ട്സ് സെന്ററാക്കി മാറ്റുക എന്നത് തന്റെ ആഗ്രഹമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയും പൗരസമിതിയും നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. മയാമിയില്‍ നടന്ന ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ചിക്കാഗോയില്‍ എത്തിയതായിരുന്നു ചാണ്ടി ഉമ്മന്‍. ഐ.ഒ.സി ചിക്കാഗോ പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷ വഹിച്ച ചടങ്ങ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ കവി മുരുകന്‍ കാട്ടാക്കടയുടെ കവിത ആലാപനവും ചാണ്ടി ഉമ്മന്റെ സ്വീകരണ ചടങ്ങില്‍ ആകര്‍ഷകമായി.
ഐ.ഒ.സി കേരളാ ചെയര്‍മാന്‍ തോമസ് മാത്യു, സെന്റ് മേരീസ് വികാരി സിജു മുടക്കോടിയില്‍, ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് ജയ്ബു കൊളങ്ങര, ഫൊക്കാന ചിക്കാഗോ ആര്‍വിപി ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ്, ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കുളം, ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് പീറ്റര്‍ കുളങ്ങര, കെ.സി.എസ് ചിക്കാഗോ പ്രസിഡന്റ് ജയിന്‍ മാക്കില്‍, മാര്‍ത്തോമ പള്ളി വികാരി എബി തരകന്‍, മിഡ്ബസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോയി നെടുംചിറ, ഇല്ലിനോയ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുനേന ചാക്കോ, ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോഷി വള്ളിക്കുളം, കേരളൈറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിജി ഇടാട്ട്, വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഫിലിപ്പ് പുത്തന്‍പുര, ഗ്ളോബല്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രതിനിധി സെബാസ്റ്റ്യന്‍ എമ്മാനുവല്‍, ഏറ്റുമാനൂര്‍ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോര്‍ജ് പണിക്കര്‍ സ്വാഗതവും ബൈജു കണ്ടത്തില്‍ നന്ദിയും പറഞ്ഞു. സതീശന്‍ നായര്‍ മാസ്റ്റര്‍ ഓഫ് സെറിമണി നിര്‍വ്വഹിച്ചു.
Indian national overseas congress gave reception to Chandi Oommen in Chicago