ന്യൂഡൽഹി: മാൾട്ടയിൽ നിന്നും സൊമാലിയയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ചരക്കു കപ്പൽ അറബിക്കടലിൽ നിന്നും ഹൈജാക്ക് ചെയ്യാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ നാവികസേന. 18 പേരുമായി സഞ്ചരിച്ച എംവി റൂയൻ എന്ന ചരക്കു കപ്പലിന് നേരെയാണ് ഹൈജാക്ക് ശ്രമം നടന്നത്.
കപ്പലില്‍ നിന്നുള്ള അപായ സൂചന ലഭിച്ചതിന് പിന്നാലെ നടത്തിയ ഇടപെടലിലൂടെയാണ് തട്ടിക്കൊണ്ട് പോകല്‍ ശ്രമത്തെ അവസരോചിതമായി ചെറുക്കാന്‍ ഇന്ത്യന്‍ നാവിക സേനയ്‌ക്ക് സാധിച്ചത്. ഡിസംബർ 14, വ്യാഴാഴ്‌ചയാണ് ഹൈജാക്ക് ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാള്‍ട്ടയില്‍ നിന്നും സൊമാലിയന്‍ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലില്‍ ആറ് അജ്ഞാതര്‍ നുഴഞ്ഞുകയറുകയും കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നുമുള്ള അപായ സന്ദേശമായിരുന്നു ഇന്ത്യന്‍ നാവിക സേനയ്‌ക്ക് ലഭിച്ചത്. അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ പട്രോളിങ്ങിനുണ്ടായിരുന്ന മാരിടൈം പട്രോളിങ് എയർക്രാഫ്റ്റും യുദ്ധക്കപ്പലും, ചരക്കു കപ്പലിന് അരികിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു.
ഡിസംബര്‍ 15ന് പുലര്‍ച്ചയോടെയാണ് നാവിക സേനയുടെ എയര്‍ക്രാഫ്റ്റ് മാള്‍ട്ട കപ്പലിനെ മറികടന്നത്. ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഇന്ന് രാവിലെയോടെയാണ് ചരക്ക് കപ്പലിന് സമീപം എത്തിയത്. നിലവില്‍ സംഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൊമാലിയന്‍ തീരത്തേക്ക് നീങ്ങുന്ന ചരക്ക് കപ്പലിനെ ഇന്ത്യന്‍ നാവിക സേന സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. മേഖലയിലെ മറ്റ് ഏജന്‍സികളെയും ഏകോപിപ്പിച്ച് കൊണ്ടാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.