ലണ്ടന്‍: പന്ത്രണ്ടു വയസ്സുകാരനായ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച ബ്രിട്ടീഷ്-ഇന്ത്യന്‍ മുന്‍ വനിതാ പോലീസ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് 12 മാസത്തെ ശിക്ഷ വിധിച്ച് ബര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതി. കഴിഞ്ഞ മാസം വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് കോണ്‍സ്റ്റബിള്‍ (പിസി) സ്ഥാനം രാജിവച്ച 41 കാരിയായ ശരണ്‍ജിത് കൗറിനെതിരെ യുകെയുടെ ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് (ഐഒപിസി) നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്.
ആദ്യ ഹിയറിംഗില്‍ ശരണ്‍ജിത് കൗര്‍ കുറ്റം നിഷേധിച്ചിരുന്നുവെന്ന് ഐഒപിസി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും അത്യാവശ്യഘട്ടങ്ങളില്‍ മാത്രമാണ് ബലപ്രയോഗം നടത്താന്‍ അധികാരമുള്ളത്. യാതൊരു വിധത്തിലും അപകടം വരുത്താത്ത പന്ത്രണ്ട് വയസ്സ് മാത്രമുള്ള വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഒരു ന്യായീകരണവും നല്‍കാന്‍ കഴിയില്ലെന്നും ഐഒപിസി റീജിയണല്‍ ഡയറക്ടര്‍ ഡെറിക് കാംബെല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ പ്രായം പരിഗണിക്കേണ്ട ഘടകമായിരുന്നു. പി സി കൗറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിലുള്ള പൊതുജനവിശ്വാസം തകര്‍ക്കാനുള്ള കഴിവുണ്ടായിരുന്നു. ഐഒപിസി അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 ന് നടന്ന സംഭവത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസിനെതിരെ ജനരോഷമുയരാന്‍ കാരണമായി. മര്‍ദ്ദനമേറ്റ കുട്ടിയുടെ കുടുംബവും പരാതി നല്‍കിയിരുന്നു.
2022 ഒക്ടോബറില്‍ നഗരത്തിലെ ഗ്രേറ്റ് കിംഗ് സ്ട്രീറ്റ് നോര്‍ത്ത് ഏരിയയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനിടെ കൗര്‍ ഇടപെടുകയായിരുന്നു. കൗര്‍ ഗ്രൂപ്പിലെ ഒരു വിദ്യാര്‍ത്ഥിയെ പിടിച്ചു നിര്‍ത്തി ആരാണ് നീ എന്ന് ആക്രോശിച്ചുവെന്നും തുടര്‍ന്ന് കാറിന്റെ കീചെയിന്‍ ഉപയോഗിച്ച് മുഖത്ത് അടിച്ചുവെന്നും ഐഒപിസി അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നു. അടിയേറ്റ കുട്ടിയുടെ മുഖത്ത് മുറിവുണ്ടായിരുന്നു.
അന്വേഷണത്തിനിടെ ഐഒപിസി അന്വേഷകര്‍ ക്രിമിനല്‍ കുറ്റം, മോശം പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കൗറിനെ ചോദ്യം ചെയ്യുകയും മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് സ്വതന്ത്ര സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. മാര്‍ച്ചിലെ അന്വേഷണത്തിനുശേഷം തെളിവുകളുടെ ഫയല്‍ യുകെയുടെ ക്രൗണ്‍ പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് സംഘടിപ്പിച്ച ഒരു ഹിയറിംഗില്‍, പോലീസ് പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുന്‍ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തു. യുകെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍രില്‍ ഭാവിയില്‍ ജോലി ലഭിക്കുന്നത് തടയുന്നതിനായി കൗറിനെ കോളേജ് ഓഫ് പോലീസിംഗ് ബാര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.