പുതിയ ബിബിസി ചെയർമാനായി ഇന്ത്യൻ വംശജൻ ഡോ സമിർ ഷാ

ലണ്ടൻ: ഇന്ത്യൻ വംശജൻ ഡോ സമിർ ഷായെ പുതിയ ബിബിസി (British Broadcasting Corporation) ചെയർമാനായി നിയമിച്ച് ബ്രിട്ടീഷ് സർക്കാർ. മുൻ ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചതിന് പിന്നാലെയാണ് 40 വർഷത്തിലേറെയായി മാധ്യമ രംഗത്ത് പ്രവർത്തന പരിചയമുള്ള സമിർ ഷായുടെ നിയമനം. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് റിച്ചാർഡ് ഷാർപ്പ് രാജി വെച്ചിരുന്നത്.

മാധ്യമപ്രവർത്തനത്തില്‍ 40 വർഷത്തിലധികം നീണ്ട പ്രവർത്തി പരിചയമുള്ള ഡോ സമിർ ഷായുടെ നിയമനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് യുകെ സാംസ്‌കാരിക മന്ത്രി ലൂസി ഫ്രേസർ പറഞ്ഞു.

“ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന മാധ്യമരംഗത്ത് ബിബിസി വിജയിക്കുന്നത് കാണാൻ സമീർ ഷായ്ക്ക് വ്യക്തമായ ആഗ്രഹമുണ്ടെന്നും, ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും നേരിടാൻ ബിബിസിക്ക് ആവശ്യമായ പിന്തുണയും സൂക്ഷ്‌മ പരിശോധനയും അദ്ദേഹം നൽകുമെന്ന് എനിക്ക് സംശയമില്ല.”

ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ് കോർപ്പറേഷനെ കുറിച്ചുള്ള ഷായുടെ അറിവും ദേശീയ ബ്രോഡ്‌കാസ്‌റ്റർ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പങ്കിലുള്ള വിശ്വാസവും പ്രക്ഷേപണത്തിലെ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ വിപുലമായ പ്രവർത്തനങ്ങളും ബിബിസിക്ക് ഗുണകരമാകുമെന്നും സഹായിക്കുമെന്നും ലൂസി ഫ്രേസർ പറഞ്ഞു.

സമീർ ഷായെ 2019ൽ എലിസബത്ത് രാജ്ഞി കമാൻഡർ ഓഫ് ബ്രിട്ടീഷ് എംപയർ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. 1952 ജനുവരിയിൽ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ജനിച്ച സമീർ ഷാ 1960ലാണ് രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്.

ബ്രിട്ടനിലെ സ്വതന്ത്ര ടെലിവിഷൻ, റേഡിയോ കമ്പനിയായ ജൂനിപ്പർ ടി.വിയുടെ ഉടമയും സി.ഇ.ഒയുമായ അദ്ദേഹം 2007 -2010 കാലയളവിൽ ബ.ബിസി നോൺ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്നു.