
തിരുനെൽവേലി: യുഎസിലെ ഫ്‌ളോറിഡയില്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി പ്രജോബിന് ഔദ്യോഗിക ബഹുമതികളോടെ ജന്മനാട് വിടചൊല്ലി. മൂലൈക്കാട്ട് സെന്റ് പീറ്റേഴ്സ് ചർച്ചിൽ പ്രാർഥനകൾക്ക് ശേഷം മൃതദേഹം മറവ് ചെയ്തു.
അപകടത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രജോബിന്റെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. വണ്‍ ലെഗസി എന്ന സംഘടനയുമായി സഹകരിച്ച് പ്രജോബിന്റെ ഹൃദയവാല്‍വുകള്‍, വൃക്കകള്‍, കരള്‍ എന്നിവ ഏഴുപേര്‍ക്കാണ് ദാനം ചെയ്തത്. പ്രജോബിന്റെ ഓര്‍മകള്‍ മറ്റുള്ളവരിലൂടെ നിലനിര്‍ത്താന്‍ കഴിയുന്നത് പുണ്യമാണെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു പ്രജോബ്. തിരുനെല്‍വേലി സ്വദേശിയാണ്. കുവൈറ്റിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് ഫ്ളോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. 60 സഹപാഠികള്‍ക്കും ആറ് അധ്യാപകര്‍ക്കുമൊപ്പം ഫ്ളോറിഡയിൽ എത്തിയ പ്രജോബ് താമസിച്ചിരുന്ന ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. നവംബര്‍ 23നാണ് അപകടമുണ്ടായത്. 14 മിനിറ്റോളം വെള്ളത്തിനടിയില്‍ കിടന്ന പ്രജോബിനെ പിന്നീട് ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 12 ദിവസം വെൻ്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. എയർ ആംബുലൻസിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആലോചിച്ചിരിക്കെയായിരുന്നു മരണം.