
ഫ്ലോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി പ്രജോബിന്റെ മൃതദേഹം തിങ്കളാഴ്ച ഇന്ത്യയിലെത്തിക്കും. അപകടത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
അതിനിടെ പ്രജോബിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. വണ്‍ ലെഗസി എന്ന സംഘടനയുമായി സഹകരിച്ച് പ്രജോബിന്റെ ഹൃദയവാല്‍വുകള്‍, വൃക്കകള്‍, കരള്‍ എന്നിവ ഏഴുപേര്‍ക്കാണ് ദാനം ചെയ്തത്. പ്രജോബിന്റെ ഓര്‍മകള്‍ മറ്റുള്ളവരിലൂടെ നിലനിര്‍ത്താന്‍ കഴിയുന്നത് പുണ്യമാണെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
തിങ്കളാഴ്ച ഫ്‌ളോറിഡയിലെ കോര്‍പസ് ക്രിസ്റ്റി പള്ളിയില്‍ പ്രാര്‍ഥനായോഗം ശുശ്രൂഷ നടക്കും. തുടര്‍ന്ന് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും. തിരുനെല്‍വേലിയിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
പ്രജോബിന്റെ ചികിത്സാ ചിലവുകള്‍ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ പ്രജോബ് പഠിച്ചിരുന്ന കുവൈത്ത് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ശ്രമങ്ങള്‍ തുടരുകയാണ്. മാതാപിതാക്കളുടെ അമേരിക്കന്‍ യാത്രാ ചിലവുകളും സ്‌കൂള്‍ വഹിക്കും. പ്രജോബിന്റെ സഹാദരന്‍ കുവൈത്ത് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കുകയാണെങ്കില്‍ പഠന ചെലവുകളും സ്‌കൂള്‍ വഹിക്കാന്‍ തയാറാണെന്ന് മാതാപിതാക്കളെ അറിയിച്ചതായാണ് വിവരം.