
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാർക്ക് 1000 ഡോളർ (83,240 രൂപ) അധിക ഫീസ് ഏർപ്പെടുത്തി എൽ സാൽവദോർ. മധ്യ അമേരിക്കൻ രാജ്യത്തിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് അധിക ഫീസ് ഏർപ്പാടാക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാറ്റ് ഉൾപ്പെടെ, 1130 ഡോളറാണ് എൽ സാൽവദോർ ഈടാക്കുക. പുതിയ ഫീസ് ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യയുൾപ്പെടെ 57 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ കുറിച്ച് സാൽവഡോറൻ അധികൃതരെ വിമാനക്കമ്പനികൾ ദിവസവും വിവരം അറിയിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ നിന്നോ 50-ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ ഉള്ള പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്ന ആളുകൾ ഫീസ് അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കുമെന്ന് എൽ സാൽവദോറിന്റെ പോർട്ട് അതോറിറ്റി അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന തുക രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
എൽ സാൽവദോർ പ്രസിഡന്റ് നയിബ് ബുകെലെ യുഎസ് അസി. സെക്രട്ടറി ബ്രയാൻ നിക്കോൾസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനമുണ്ടായത്. അനിയന്ത്രിതകുടിയേറ്റം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തിരുന്നു.
2023 സാമ്പത്തിക വർഷത്തിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോളിംഗ് രാജ്യത്തുടനീളം 3.2 ദശലക്ഷം കുടിയേറ്റക്കാരെ കണ്ടെത്തിയതായും ആഫ്രിക്കയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും നിരവധി കുടിയേറ്റക്കാർ മധ്യ അമേരിക്ക വഴി യുഎസിലെത്തുന്നുവെന്നുമാണ് വിലയിരുത്തൽ.