ആദ്യം ഏഴാം ക്ലാസ് പരീക്ഷയെഴുതണം; ഇന്ദ്രന്‍സിന്റെ പത്താംക്ലാസ് തുല്യതയ്ക്ക് വീണ്ടും കുരുക്ക്

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സ് തന്റെ 67-ാം വയസില്‍ പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്ന വാര്‍ത്ത ഏറെ പ്രാധാന്യം നേടിയിരുന്നു. പഠനം അവസാനിപ്പിച്ചതിന്റെ എല്ലാ രേഖകളും സ്‌കൂളില്‍ സമര്‍പ്പിച്ച ശേഷമാണ് പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേര്‍ന്നത്. എന്നാലിപ്പോള്‍ ഇന്ദ്രന്‍സിന്റെ പത്താംക്ലാസ് തുല്യതാ പരീക്ഷയ്ക്ക് കുരുക്ക് വീണിരിക്കുകയാണ്.

എഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാ മിഷന്റെ ചട്ടമാണ് പ്രശ്നം. അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തില്‍ പഠിക്കാനാവൂ. ഏഴാം ക്ലാസ് ജയിച്ചതായി രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസ്സം. നവകേരള സദസിന്റെ ചടങ്ങില്‍ പങ്കെടുക്കവേയൊണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താം ക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.

താന്‍ നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എജി ഒലീന പറയുന്നു. ക്ലാസില്‍ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രന്‍സിന് പഠിക്കാനാകുമെന്നും ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രന്‍സിന് ഇളവുനല്‍കുമെന്നും ഒലീന പറഞ്ഞു.

‘നാലാം ക്ലാസുവരെ പഠിച്ചതായാണ് ഓര്‍മ. ഇപ്പോഴത്തെ പ്രശ്നമൊന്നും എനിക്കറിയില്ല’ എന്നാണ് പുതിയ ‘പ്രതിസന്ധി’യെക്കുറിച്ച് പറ്റി ഇന്ദ്രന്‍സ് പ്രതികരിച്ചത്. വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്നു. ഈ പേടി ഇല്ലാതാക്കാന്‍ കൂടിയാണ് ഈ ശ്രമമെന്ന് ഇന്ദ്രന്‍സ് നേരത്തേ പറഞ്ഞിരുന്നു.

അന്ന് ദാരിദ്ര്യം കാരണമാണ് പഠനം നിര്‍ത്തിയത്. സ്‌കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത്. ഇപ്പോള്‍ ഒരു അവസരം വന്നിരിക്കുകയാണ്. തന്നെ സമാധാനിപ്പിക്കാനെങ്കിലും തനിക്ക് പഠിച്ചേ തീരൂ എന്നും ഇന്ദ്രന്‍സ് നേരത്തേ പ്രതികരിച്ചിരുന്നു. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഇന്ദ്രന്‍സ് പഠിച്ചിരുന്നത്.

More Stories from this section

family-dental
witywide